ബിസിനസിലെ വിജയപാഠങ്ങള്‍ പകർന്ന് നല്‍കി സമയപരിധിയില്ലാതെ ക്ലാസെടുത്തു, തേടിയെത്തി ഗിന്നസ് വേള്‍ഡ് റെക്കോർഡ്

ദുബായ് : ലോകത്തിലെ ഏറ്റവും ദൈ‍ർഘ്യമേറിയ ബിസിനസ് ട്രെയിനിംഗ് പ്രോഗ്രാം നടത്തി ഗിന്നസ് ബുക്കിലിടം നേടി അന്താരാഷ്ട്ര ബിസിനസ് പരിശീലകനായ എം എ റഷീദ്.73 മണിക്കൂറും 15 മിനിറ്റും തുടർച്ചയായി ട്രെയിനിംഗ് ക്ലാസ് നടത്തിയാണ് പവർ അപ്പ് വേള്‍ഡ് കമ്മ്യൂണിറ്റിക്ക് വേണ്ടി എം എ റഷീദ് ഗിന്നസ് റെക്കോ‍ർഡ് സ്വന്തമാക്കിയത്. ദുബായില്‍ നടന്ന ചടങ്ങില്‍ എമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ സഈദ് ഉബൈദ് അല്‍ ഫലാസി എം എ റഷീദിനെ ആദരിച്ചു.
കേരളത്തിലായിരുന്നു ഗിന്നസ് റെക്കോർഡിനായി ശ്രമം നടത്തിയതും വിജയം കണ്ടതും. എംബിഎ വിദ്യാർത്ഥികളുള്‍പ്പടെയുളളവർക്കാണ് പരിശീലനപരിപാടി നടത്തിയത്. ഓരോ നാല് മണിക്കൂറിലും സദസ് മാറി. ബിസിനസില്‍ എങ്ങനെ വിജയം കൈവരിക്കാമെന്നതുള്‍പ്പടെയുളള കാര്യങ്ങളാണ് പരിശീലനപരിപാടിയിലൂടെ നല്‍കുന്നത്. ഇതിനകം നിരവധി പേർക്ക് ക്ലാസ് നല്‍കി കഴിഞ്ഞു. ഒരു ലക്ഷത്തോളം പേർ എഫ് പേജിലൂടെയും വാട്സ് അപ്പ് ഗ്രൂപ്പിലൂടെയും ഇപ്പോഴും തങ്ങളുടെ മോട്ടിവേഷണല്‍ ക്ലാസുകള്‍ പിന്തുടരുന്നുണ്ടെന്നും ദുബായ് ഫ്ലോറ ഇന്നില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ എം എ റഷീദ് പറഞ്ഞു. ക്ലാസുകളെല്ലാം സൗജന്യമാണ്. കോവിഡ് കാലത്ത് നിരവധിപേർക്ക് ഓണ്‍ലൈനിലൂടെയും മറ്റും ക്ലാസുകള്‍ നല്‍കി. നേരിട്ടുളള ക്ലാസുകളോടൊപ്പം തന്നെ ഓണ്‍ലൈനിലൂടെയും മോട്ടിവേഷണല്‍ ക്ലാസുകള്‍ ഇപ്പോള്‍ നല്കുന്നു. 2025 ആകുമ്പോഴേക്കും 5 ലക്ഷം പേർക്ക് ക്ലാസ് നല്‍കുകയെന്നുളളതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വാർത്താസമ്മേളനത്തില് നിന്ന്


ഫ്ലോറ ഇന്‍ ഹോട്ടലില്‍ നടന്ന പുരസ്കാരദാന പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുത്തു. നേരത്തെ മറ്റു അഞ്ച് റെക്കാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള അദ്ദേഹത്തെ ചടങ്ങില്‍ വിവിധ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. എ.പി.ജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ ‘കലാംസ് വേള്‍ഡ് റെക്കോര്‍ഡ്’ യുഎഇ കെഎംസിസി പ്രസിഡന്‍റ് പുത്തൂര്‍ റഹ്മാനും; ‘ബെസ്റ്റ് ഓഫ് ഇന്ത്യാ വേള്‍ഡ് റെക്കോര്‍ഡ്’ യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹയും; ‘യുആര്‍എഫ് ഏഷ്യാ വേള്‍ഡ് റെക്കോര്‍ഡ്’ റിയാസ് ചേലേരി സാബീല്‍ പാലസും; ‘അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ്’ സ്‌കൈ ഇന്റര്‍നാഷണല്‍ എംഡി അഷ്‌റഫ് മായഞ്ചേരി, പ്‌ളസ് പോയിന്റ് ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ മുഹമ്മദ് സഈദ് അല്‍സുവൈദി എന്നിവര്‍ ചേര്‍ന്നും അദ്ദേഹത്തിന് സമര്‍പ്പിച്ചു.
ഇന്‍സ്പയർ ദ വേള്‍ഡ് എന്നതാണ് ആശയം. സൗദി അറേബ്യ ഉള്‍പ്പടെ ലോകത്തിലെ 10 രാജ്യങ്ങളില്‍ നിന്നുളള ചാപ്റ്റർ ലീഡർമാരുടെ നേതൃത്വത്തില്‍ ബിസിനസിന്‍റെ സങ്കീർണ വശങ്ങളെ കുറിച്ചുളള അറിവും ബിസിനസില്‍ വിജയിച്ച വിനിമയ ശീലങ്ങളും മലയാളി സംരംഭകർക്ക് മനസിലാക്കിക്കൊടുക്കുകയെന്നുളളതാണ് പവർ അപ്പ് വേള്‍ഡ് കമ്മ്യൂണിറ്റിയുടെ ലക്ഷ്യവും പ്രവർത്തനവും
വരും കാലങ്ങളിലും നൂതനമായ മാർഗങ്ങള്‍ സ്വീകരിക്കാന്‍ മലയാളി വ്യാപാരസമൂഹത്തിന് സഹായകരമാകുന്ന രീതിയില്‍ മുന്നേറുകയെന്നുളളതാണ് പവർ അപ്പ് വേള്ഡ് കമ്മ്യൂണിറ്റിയുടെ ലക്ഷ്യമെന്നും സംഘാടകർ വാർത്താസമ്മേളത്തില്‍ പറഞ്ഞു.
പുരസ്കാര സമ‍ർപ്പണ ചടങ്ങില്‍ പിഡബ്ല്യൂസിയെ പരിചയപ്പെടുത്തി സംഘടനയുടെ തായ്‌ലാന്‍റ് പ്രതിനിധിയും സ്‌കോഷ്യ ബാങ്ക് റിട്ട. വൈസ് പ്രസിഡന്‍റുമായ മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ സ്വാഗത ഭാഷണം നിര്‍വഹിച്ചു. ദുബായ് കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്‍റ് ഇബ്രാഹിം മുറിച്ചാണ്ടി, വൈസ് പ്രസിഡന്‍റ് ഒ.കെ ഇബ്രാഹിം, പിഡബ്‌ള്യുസി യുഎഇ ലീഡറും സ്‌കൈ ഇന്‍റർനാഷണല്‍ എംഡിയുമായ നൗഷാദ് അലി, പിഡബ്ല്യൂസി സൗദി ലീഡറും അലൂബ് ഗ്രൂപ് എംഡിയുമായ അഷ്‌റഫ് എറമ്പത്ത്, സഊദി ലീഡറും അലൂബ് ഗ്രൂപ് ജനറല്‍ മാനേജരുമായ നാസര്‍ വണ്ടൂര്‍, സംഘടനയുടെ യുകെ ലീഡറും വാട്ടര്‍ലൈന്‍ യുകെ ഫിനാന്‍സ് ഹെഡുമായ വളപ്പില്‍ സഹീര്‍, , പിഡബ്ല്യൂസി ഇന്ത്യാ ലീഡറും എംഎ സൊല്യൂഷന്‍സ് ജനറല്‍ മാനേജരുമായ അബ്ദുല്‍ റഷീദ്, സംഘടനയുടെ ഇന്ത്യാ ലീഡറും ചക്രവര്‍ത്തി ഗ്രൂപ് എംഡിയുമായ വിവേക്, യുഎഇ ലീഡര്‍ ഇസ്മായില്‍ വി.പി, ബഹ്‌റൈന്‍ ലീഡറും സ്‌കൈ ഇന്റര്‍നാഷണല്‍ എംഡിയുമായ അഷ്‌റഫ് എന്നിവര്‍ ആശംസ നേര്‍ന്നു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് അഷ്‌റഫ് താമരശ്ശേരി പുസ്തക പ്രകാശനം നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ ഫൈസല്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഫെല്ല ഫാത്തിമയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ഹാലി സുമിന്‍ ഉപഹാരം നല്‍കി. പിഡബ്ല്യൂസി യുഎഇ ലീഡര്‍ ഫൈസല്‍ വി.പി ചടങ്ങില്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.

Leave a Reply