ഒടുവില്‍ കര്‍ഷകരുടെ വീര്യത്തിനു മുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് ഒരു വര്‍ഷം തികയാനിരിക്കേ വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ച് കേന്ദ്രം. നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് അറിയിച്ചത്. ഈ മാസം അവസാനത്തോടെ നിയമം ഇല്ലാതാകും. ഇന്ന് രാവിലെ രാജ്യത്തെ അഭിംസബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്.

കര്‍ഷകള്‍ ഭൂരിഭാഗവും ദരിദ്രരാണെന്നും അവരുടെ വേദന മനസ്സിലാക്കുന്നതായി പ്രധാനമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു. കര്‍ഷകരുടെ ഉന്നമനത്തിന് പ്രധാന്യം നല്‍കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. അധികാരത്തിലെത്തിയ ശേഷം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുവെന്നും ചെറുകിട കര്‍ഷകര്‍ക്കായി കേന്ദ്രം വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ അധിക വരുമാനം കര്‍ഷകര്‍ക്ക് ലഭിക്കാന്‍ പുതിയ നിയമങ്ങള്‍ക്ക് സഹായിച്ചു. പ്രഥമ പരിഗണന നല്‍കിയത് കര്‍ഷകരുടെ ക്ഷേമത്തിനാണ്. നഷ്ടപരിഹാരമായി ഒരു ലക്ഷം കോടി കര്‍ഷകര്‍ക്ക് നല്‍കി. മുന്‍ വര്‍ഷങ്ങളേക്കാള്‍ കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കര്‍ഷകരുടെ ക്ഷേമം പരിഗണിച്ചാണ് സര്‍ക്കാര്‍ എല്ലാം ചെയ്യുന്നത്. താങ്ങുവില കൂട്ടി, ബജറ്റ് അഞ്ചിരട്ടി വിഹിതം വര്‍ധിപ്പിച്ചു. കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ട് പ്രധാനമന്ത്രി അവകാശപ്പെട്ടു.

കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും എന്നാല്‍ ഒരു വിഭാഗത്തെ ഇപ്പോഴും ഇത് ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും കര്‍ഷകരുമായി ഇപ്പോഴും ആശയവിനിമയം നടത്തികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുരുനാനാക്ക് ദിനത്തില്‍ ആശംസ പറഞ്ഞ പ്രധാനമന്ത്രി ഒന്നര വര്‍ഷത്തിന് ശേഷം കര്‍ത്താര്‍പൂര്‍ ഇടനാഴി തുറന്നതായും അറിയിച്ചു.

Leave a Reply