ഷാർജ രാജ്യാന്തര പുസ്തക മേളയ്ക്ക് നവംബർ മൂന്നിന് തുടക്കം

ഷാർജ : വായനയുടെ വസന്തോത്സവത്തിന് തുടക്കമാവുകയാണ്. ഷാ‍ർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഈ വരുന്ന നവംബർ മൂന്നിന് കൊടിഉയരും. ഷാർജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാ കർത്വത്തില്‍ ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകമേള ലോകത്തിലെ തന്നെ ഏറ്റവും മികച്ച പുസ്തകമേളകളിലൊന്നാണ്.
നൊബേല്‍ സമ്മാനജേതാവ് അബ്ദുള്‍ റസാഖ് ഗു‍ർന, നൊബേല്‍ സമ്മാനത്തിനർഹനായതിന് ശേഷമെത്തുന്ന പൊതുപരിപാടിയെന്ന പ്രത്യേകത കൂടി ഇത്തവണത്തെ പുസ്തകമേളയ്ക്കുണ്ട്. ഇന്ത്യയില്‍ നിന്ന് അമിതാവ് ഗോഷും ഇത്തവണ പുസ്തകമേളയ്ക്ക് എത്തും.അമേരിക്കന്‍ മോട്ടിവേഷണല്‍ സ്പീക്കർ ക്രിസ് ഗാ‍ർഡ്നറും മേളയുടെ ഭാഗമാകും.
ഷാ‍ർജയിലെ ഹൗസ് ഓഫ് വിസ്ഡത്തില്‍ വച്ച് നടത്തിയ വാർത്താസമ്മേളത്തിലാണ് എസ് ഐ ബി എഫ് ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരിയാണ്, ഇത്തവണത്തെ മേളയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. ഇവരെ കൂടാതെ, ഇനിയും നിരവധി പ്രമുഖർ മേളയ്ക്കെത്തും, ആരൊക്കെയാണെന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുസ്തകമേളയുടെ നാല്‍പതാമത് പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. എക്സ്പോ സെന്‍ററില്‍ നവംബർ മൂന്ന് മുതല്‍ 13 വരെ നടത്തുന്ന മേളയില്‍ 83 രാജ്യങ്ങളില്‍ നിന്നുളള 1559 പ്രസാധകർ പങ്കെടുക്കും.ഇതില്‍ 9 രാജ്യങ്ങള്‍ ആദ്യമായാണ് മേളയുടെ ഭാഗമാകുന്നത്. സ്പെയിനാണ് അതിഥി രാജ്യം. എല്ലായ്പ്പോഴും ഒരു ശരിയായ ഒരു പുസ്തകമുണ്ട് എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം.

ഓരോ രാജ്യങ്ങളുടെയും സംസ്കാരം ആരംഭിക്കുന്നത് പുസ്തകങ്ങളില്‍ നിന്നാണ്.എല്ലാ വായനക്കാരുടെയും താല്‍പര്യം സംരക്ഷിച്ചാണ് ഓരോ തവണയും പുസ്തകമേള നടക്കുന്നതെന്നും അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണ മേള നടക്കുക. എസ് ഐ ബി എഫിന്‍റെ ആപ്പിലൂടെ മേളയുടെ വിശദാംശങ്ങള്‍ അറിയാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മേളയിലേക്കുളള പ്രവേശനം സൗജന്യമാണ്.

Leave a Reply