വി.എം കുട്ടി: മാപ്പിളപ്പാട്ടിനെ വലിയ കാൻവാസിലേക്ക് പകർത്തിയെഴുതിയ പ്രതിഭ- സാദിഖലി തങ്ങൾ

മലപ്പുറം: സർഗാത്മകതയുടെ വിശാലമായ കാഴ്ചപ്പാട് കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കി മലബാറിലെ കലാ സാംസ്‌കാരിക വേദികളിൽ നിറഞ്ഞു നിന്നിരുന്ന വി.എം കുട്ടിയുടെ വേർപാട് മലയാളത്തിന്റെ പൊതു നഷ്ടമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മാപ്പിളപ്പാട്ടിനെ വിശാലമായ ക്യാൻവാസിലേക്ക് പകർത്തിയെഴുതിയ വലിയ പ്രതിഭയായിരുന്നു അദ്ദേഹം.
സ്വകാര്യ ചടങ്ങുകളിലും ചെറു സംഘങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്ന മാപ്പിളപ്പാട്ടിനെ പൊതു സമൂഹത്തിന് ആസ്വാദ്യകരമാവും വിധം ആവിഷ്‌ക്കരിക്കാൻ അദ്ദേഹത്തിന്റെ പ്രയത്‌നത്തിന് സാധിച്ചു.

എൺപതുകളിൽ പ്രവാസികളായ സഹോദരങ്ങൾക്ക് നാടോർമ്മകൾ നൽകി മാപ്പിളപ്പാട്ടിനെ കടലിനക്കരെയെത്തിച്ച് ലോകത്തോളമുയർത്തിയതിലും അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. ഒറ്റ സ്പീക്കറുള്ള പഴയ നാഷണൽ പനാസോണിക്ക് ടേപ്പ് റെക്കോർഡറിൽ നിന്നുയരുന്ന വി.എം കുട്ടിയുടെ സ്വരമാധുര്യം ആസ്വദിച്ച കാലം ഗൃഹാതുരത്വമായി മനസ്സിലുണ്ടെന്നും തങ്ങൾ പറഞ്ഞു.

Leave a Reply