എഞ്ചിനീയറിങ് എൻട്രൻസ്; കേരള സിലബസുകാർ പിന്തള്ളപ്പെട്ട പ്രശ്‌നം പരിഹരിക്കണം: കെ.പി.എ മജീദ്

കോഴിക്കോട്: എഞ്ചിനീയറിങ് എൻട്രൻസ് പട്ടികയിൽ കേരള സിലബസ് വിദ്യാർഥികൾ പിന്തള്ളപ്പെട്ട സാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ് എം.എൽ.എ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദുവിന് കത്ത് നൽകി.

ഇത്തവണ പ്ലസ്ടു പരീക്ഷയിലും എൻട്രൻസ് പരീക്ഷയിലും മുഴുവൻ മാർക്ക് നേടിയ കേരള സിലബസ് വിദ്യാർഥിക്ക് നേടാവുന്ന ഏറ്റവും ഉയർന്ന റാങ്ക് 41 ആണ്. പ്രവേശന പരീക്ഷയിലെ മാർക്കിനൊപ്പം പ്ലസ് ടു പരീക്ഷയിലെ ഏകീകരിച്ച മാർക്കും ചേർത്ത് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലെ അപാകതയാണ് കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായത്. എൻട്രൻസ് പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയാൽ പോലും ആകെ ലഭിക്കുന്ന മാർക്ക് 600ൽ 557 ആണ്. ഇത് കേരള സിലബസിൽ പരീക്ഷയെഴുതിയ വിദ്യാർഥികളെ സാരമായി ബാധിച്ചു. വിവിധ ബോർഡുകളിൽ പരീക്ഷയെഴുതിയവരെ ഒരേ പോലെ പരിഗണിക്കാനാണ് മാർക്ക് ഏകീകരണമെന്ന സംവിധാനം നടപ്പാക്കിയത്.

12-ാം ക്ലാസിൽ ലഭിച്ച യഥാർത്ഥ മാർക്കിന് പകരം ഓരോ ബോർഡിലെയും പരീക്ഷകളുടെ നിലവാരവും മാർക്കിംഗ് സ്‌കീമും കണക്കാക്കി പ്രത്യേക ഫോർമുല പ്രകാരമുള്ള മാർക്ക് ഓരോ വിദ്യാർത്ഥിക്കും നൽകുകയാണ് ചെയ്തത്. ഈ മാർക്കും എൻട്രൻസിൽ കിട്ടുന്ന മാർക്കും 50:50 അനുപാതത്തിൽ കൂട്ടിയുള്ള സ്‌കോർ പ്രകാരമാണ് എഞ്ചിനിയറിംഗിനുള്ള അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുന്നത്.

കേരള സിലബസിൽ പഠിച്ചവർക്ക് പ്ലസ് ടുവിൽ മുഴുവൻ മാർക്കും കിട്ടിയിട്ടും ഈ രീതി പ്രകാരം 300ൽ 256 മാർക്ക് മാത്രമാണ് കണക്കാക്കിയത്. എൻട്രൻസ് പരീക്ഷയിൽ ഒരേ മാർക്ക് കിട്ടിയിട്ടും കേരള സിലബസിൽ പഠിച്ചതുകൊണ്ട് മാത്രം റാങ്ക് ലിസ്റ്റിൽ പിന്തള്ളപ്പെട്ട വിദ്യാർത്ഥികൾ നിരവധിയാണ്. സി.ബി.എസ്.ഇ അവലംബിച്ച മാർക്ക് നിർണയ രീതിയെ മാത്രം വിശ്വാസത്തിലെടുക്കുന്ന നടപടിയാണിതെന്ന വിദ്യാർഥികളുടെ ആരോപണം ഗൗരവമായി കാണണം. ഈ അനോമലി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

Leave a Reply