മലബാർ ജില്ലകളിൽ പ്ലസ് വൺ അധിക ബാച്ചുകൾ വേണ്ടെന്ന തീരുമാനത്തിൽ മുസ്‌ലിം നേതൃസമിതി പ്രതിഷേധിച്ചു.

കോഴിക്കോട്: എസ്.എസ്.എൽ.സി പാസായ മുഴുവൻ കുട്ടികളുടെയും പ്ലസ് വൺ പ്രവേശനം ഉറപ്പ് വരുത്തുന്നതിന് മലബാർ മേഖലയിലെ വിവിധ സ്‌കൂളുകളിൽ പ്ലസ് വൺ അധിക ബാച്ചുകൾ അടിയന്തരമായി അനുവദിക്കണമെന്ന നിരന്തരമായ ആവശ്യം അംഗീകരിക്കാത്ത പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിൽ മുസ്‌ലിം നേതൃസമിതി യോഗം പ്രതിഷേധം. തീരുമാനം പുനഃപരിശോധിക്കണമെന്ന് കോഴിക്കോട്ട് ചേർന്ന യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. മലബാർ ജില്ലകളിൽ എസ്.എസ്.എൽ.സി പാസായ വിദ്യാർഥികൾക്ക് പ്ലസ് വൺ അഡ്മിഷൻ ലഭിക്കുന്നതിന് ആവശ്യമായ സീറ്റുകൾ ലഭ്യമല്ല എന്നത് അധികാരികൾക്ക് അറിയുന്ന വസ്തുതയാണ്. തിരുവിതാംകൂറിലെ പല സ്‌കൂളുകളിലും പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുമ്പോൾ മലബാറിലെ കുട്ടികൾ സീറ്റുകൾക്കായി നെട്ടോട്ടമോടുകയാണ്.- മുസ്‌ലിം നേതൃസമിതി യോഗം ചൂണ്ടിക്കാട്ടി.

കോഴിക്കോട് ജില്ലയിൽ മാത്രം 48451 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ 181 സ്‌കൂളുകളായി 34472 പ്ലസ് വൺ സീറ്റുകളെ ജില്ലയിലുള്ളൂ. സർക്കാർ പ്രഖ്യാപിച്ചത് പോലെ 20% സീറ്റുകൾ വർധിപ്പിച്ചാലും 41368 സീറ്റുകളെ ആകുന്നുള്ളു. ഏഴായിരത്തിൽ ഏറെ വിദ്യാർഥികൾക്ക് പ്ലസ് വണ്ണിന് അവസരവും അവകാശവും നിഷേധിക്കപ്പെടുകയാണ്. മലപ്പുറം ഉൾപ്പെടെ മറ്റ് ജില്ലകളിലെ സ്ഥിതി ഇതിനേക്കാൾ പരിതാപകരമാണ്. സീറ്റുകൾ മാത്രം വർധിപ്പിച്ചാൽ പഠിപ്പിക്കാനുള്ള അധ്യാപകരും ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള പഠന സൗകര്യങ്ങളും ഉണ്ടാവില്ല. അതിനാൽ ഈ മേഖലയിൽ അഡീഷണൽ ബാച്ചുകൾ അനുവദിക്കുകയാണ് പരിഹാരമെന്നും മറിച്ചുള്ള തീരുമാനം തിരുത്തണമെന്നും യോഗം അഭ്യർത്ഥിച്ചു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, കെ.പി.എ മജീദ്, ഡോ. എം.കെ മുനീർ (മുസ്ലിം ലീഗ്), ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, ഡോ. എൻ.എ.എം അബ്ദുൽ ഖാദർ (സമസ്ത), ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, എ.ഐ അബ്ദുൽ മജീദ് സ്വലാഹി (കെ.എൻ.എം), പി. മുജീബ് റഹ്‌മാൻ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, മുജീബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), ഡോ. ഐ.പി അബ്ദുൽ സലാം (കെ.എൻ.എം മർക്കസുദ്ദഅ്വ), പി.എൻ അബ്ദുല്ലത്തീഫ് മദനി, ടി.കെ അഷ്‌റഫ് (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), ഇ.പി അഷ്‌റഫ് ബാഖവി, ടി.എം സയ്യിദ് ഹാഷിം ബാഫഖി (സംസ്ഥാന ജംഇയ്യത്തുൽ ഉലമ), ഡോ. ഫസൽ ഗഫൂർ (എം.ഇ.എസ്), എഞ്ചിനീയർ പി. മമ്മദ് കോയ, സൈനുൽ ആബിദ് .പി (എം.എസ്.എസ്), സി.എ മൂസ മൗലവി, എം.എം ബാവ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), കമാൽ എം. മാക്കിയിൽ, ഡോ. ഖാസിമുൽ ഖാസിമി, നജ്മൽ ബാബു (കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ), പൂഴനാട് സുധീർ (മുസ്ലിം ജമാഅത്ത് കൗൺസിൽ), ഡോ. പി.ടി സൈത് മുഹമ്മദ്, അസ്ഹർ എം (മെക്ക), കെ.പി മെഹബൂബ് ശരീഫ്, എം.എസ് സലാമത്ത് (റാവുത്തർ ഫെഡറേഷൻ), സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ, അബ്ദുൽ ഖാദർ (ജംഇയ്യത്തുൽ ഉലമ എ ഹിന്ദ്), എഞ്ചി. മാമുക്കോയ ഹാജി (വഖഫ് സംരക്ഷണ സമിതി), ചുനക്കര ഹനീഫ, എം. അലാവുദ്ദീൻ (റാവുത്തർ ഫെഡറേഷൻ ഫോർ മൈനോരിറ്റീസ് വെൽഫെയർ) എന്നിവർ സംബന്ധിച്ചു.

Leave a Reply