എക്സ്പോ 2020: സജ്ജമായി ദുബായ് വിമാനത്താവളം

ദുബായ് : ദുബായ് എക്സ്പോയ്ക്ക് അരങ്ങുണരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സന്ദ‍ശകരെ സ്വീകരിക്കാന്‍ ദുബായ് വിമാനത്താവളം സജ്ജമായി. വിമാനത്താവളത്തിലെ 122 സ്മാ‍ർട് ഗേറ്റുകളിലും എക്സ്പോ 2020യുടെ ലോഗോ സ്റ്റിക്കറുകള്‍ പതിച്ചു. കോവിഡ് സാഹചര്യത്തില്‍ സന്ദ‍ർശക‍ർക്ക് ഏറ്റവും സുരക്ഷിതമായ യാത്രയൊരുക്കുകയെന്നുളളതാണ് ലക്ഷ്യമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറല്‍ ലഫ്. ജനറല്‍ മുഹമ്മദ് അല്‍ മറി പറഞ്ഞു. വരുന്ന ആറുമാസക്കാലം സന്ദ‍ർശകരുടെ എണ്ണത്തില്‍ വലിയ വ‍ർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. സ്മാർട് ഗേറ്റുകള്‍ യാത്ര നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജിഡിആർഎഫ്എ ഡയറക്ടർ ജനറല്‍ ലഫ്. ജനറല്‍ മുഹമ്മദ് അല്‍ മറി

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് ലോഗോ നിർമ്മിച്ചിരിക്കുന്നത്. സന്ദ‍ർശിക്കാനെത്തുന്നവരുടെ മനസില്‍ എല്ലാക്കാലത്തേക്കും ഓ‍ർത്തുവയ്ക്കാനുളള അനുഭവമായിരിക്കും എക്സ്പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദശലക്ഷകണക്കിന് സന്ദർശകരെ സ്വീകരിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ദീർഘ വീക്ഷണമുളള ഭരണാധികാരികള്‍ മുന്നില്‍ നിന്നും നയിക്കുന്നതുതന്നെയാണ് രാജ്യത്തിന്‍റ ഉയർച്ചയുടെ വിജയം. ലോകത്ത് യുഎഇയ്ക്കുളള സ്ഥാനം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതായിരിക്കും എക്സ്പോയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply