ഇന്ത്യ- യുഎഇ യാത്രാവിലക്ക് തുടരും

ദുബായ് : ഇന്ത്യയില്‍ നിന്ന് യുഎഇലേക്കുളള യാത്രാവിലക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരും. യുഎഇയിലേക്കുളള യാത്രയ്ക്കായി കാത്തിരിക്കേണ്ടിവരുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ എന്നുവരെയായിരിക്കും യാത്രാവിലക്കെന്നുളളത് സംബന്ധിച്ച് വിശദീകരണമില്ല.  ഇന്ത്യയിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും  സുരക്ഷിതമായ യാത്രയ്ക്ക് സാഹചര്യമൊരുങ്ങിയാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നേക്കാമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

അതേസമയം തന്നെ  ജൂലൈ എഴുമുതല്‍ ചില വിമാനകമ്പനികള്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായാണ് റിപ്പോർട്ടുകള്‍. ഇതിനിടെ വിമാനകമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നല്‍കുന്ന നോട്ടീസില്‍  (നോട്ടീസ് ടു എയർമാന്‍ -നോട്ടം) വ്യക്തമാക്കുന്നത് യാത്രാവിലക്ക് അവസാനിക്കുന്നത് ജൂലൈ 21 നായിരിക്കുമെന്നാണ്. നോട്ടം എന്നത് യാത്രാക്കാർക്കുളള അറിയിപ്പല്ല എന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നോട്ടത്തില്‍ മാറ്റം വരുമെന്നും  ഈ രംഗത്തുളളവർ പറയുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുളള യാത്രാവിലക്കില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി അനുകൂലമായ തീരുമാനമുണ്ടാകുമെന്നുളള പ്രതീക്ഷതന്നെയാണ് പലരും പങ്കുവയ്ക്കുന്നത്.

ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് ഏപ്രില്‍ 24 മുതലാണ് യുഎഇയുടെ ദേശീയ ദുരന്തനിവാരണ അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയത്.  സാഹചര്യങ്ങള്‍ വിലയിരുത്തി നീട്ടുമെന്ന അറിയപ്പോടെ 10 ദിവസത്തേക്കായിരുന്നു അന്ന് വിലക്ക് പ്രഖ്യാപിച്ചത്. തുടർന്ന് മെയ് അഞ്ചിന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രാവിലക്ക് തുടരുമെന്ന പ്രഖ്യാപനവും വന്നു. എന്നാല്‍ ജൂണ്‍ 19 ന് ദുബായുടെ ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് സുപ്രീം കമ്മിറ്റി ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്നും വിമാനങ്ങള്‍ക്ക് ദുബായിലേക്ക് പ്രവേശിക്കാനുളള അനുമതി നല്‍കിയിരുന്നു. യാത്രയ്ക്ക് നാലുമണിക്കൂറിനുളളിലെടുത്ത റാപ്പിഡ് പിസിആർ വേണമെന്നതടക്കം പുതിയ നിബന്ധകളോടെയായിരുന്നു അനുമതി. പക്ഷെ വിമാനസർവ്വീസുകള്‍ ആരംഭിച്ചില്ല. ദുബായുടെ വിമാനകമ്പനിയായ എമിറേറ്റ്സ് ഒരു യാത്രാക്കാരന്‍റെ ചോദ്യത്തിനുളള മറുപടിയായി ട്വീറ്റ് ചെയ്തത് ജൂലൈ എഴുമുതല്‍ ദുബായിലേക്ക് വിമാനസർവ്വീസുണ്ടാകുമെന്നാണ്. എന്തായാലും ജൂലൈ ആദ്യവാരത്തോടെ നിബന്ധനകളോടെയാണെങ്കിലും യുഎഇയിലേക്ക് യാത്ര അനുമതി അനുവദിക്കുമെന്നുളള പ്രതീക്ഷയിലാണ് ഇന്ത്യയിലുളള ആയിരങ്ങള്‍

.

Leave a Reply