ദുബായ് : പ്രമുഖ പ്രവാസി വ്യവസായി ബി ആർ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കും. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ടുളള കേസില്‍ അബുദബി വാണിജ്യ ബാങ്കിന്റെ അഭ്യർത്ഥന പ്രകാരമാണ് യുകെ കോടതിയുടെ നടപടി. ഷെട്ടിയുടെ ഉടമസ്ഥതയിലുളള എന്‍ എം സി ഹെല്‍ത്ത് കെയറിന്റെ സിഇഒ ആയിരുന്ന മലയാളിയായ പ്രശാന്ത് മങ്ങാട്ട് അടക്കമുളളവരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെ ഇവർക്ക് തങ്ങളുടെ സ്വത്തുക്കള്‍ വില്ക്കാന് സാധിക്കില്ല.
അബുദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്‍ എം സി ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനാണ് ബിആർ ഷെട്ടി. ഇതുകൂടാതെ മരുന്നു കമ്പനിയായ നിയോ ഫാർമ, ബിആർഎസ് വെഞ്ചേഴ്സ്, ട്രാവലക്സ്, തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മുതല്‍മുടക്കിയിട്ടുളള വ്യവയായിയാണ് ബിആർ ഷെട്ടി. നേരത്തെ, ഷെട്ടിക്കെതിരെ യുഎഇയും നടപടിയെടുത്തിരുന്നു. അബുദബി കൊമേഷ്യല്‍ ബാങ്ക് യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചതിനെ തുടർന്ന് യുഎഇയിലെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും കഴിഞ്ഞ ഏപ്രിലില്‍ മരവിപ്പിച്ചിരുന്നു. കോടതി ഉത്തരവ് വന്നതോടെ ബുർജ് ഖലീഫയിലെ ഒരു നിലമുഴുവന്‍ അടക്കമുളള സ്വത്തുവകകള്‍ ഇനി കൈമാറ്റം ചെയ്യാന്‍ കഴിയാതെ വരും.