ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണം -സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

ചേളാരി: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പട്ടികയില്‍ നിന്ന് ഈ വര്‍ഷം കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്നുള്ള ഹാജിമാരില്‍ മഹാഭൂരിപക്ഷവും മലബാറില്‍ പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. മുന്‍കാലങ്ങളില്‍ ഹജ്ജ് യാത്രക്കാര്‍ക്ക് മികച്ച സേവനം കാഴ്ചവെച്ച എയര്‍പോര്‍ട്ടെന്ന നിലക്ക് കരിപ്പൂരിന് വലിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ആധുനിക സൗകര്യത്തോടെ സജ്ജീകരിച്ച ഹജ്ജ് ഹൗസ് ഉള്‍പ്പെടെ മികച്ച സൗകര്യങ്ങള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനുണ്ട്. കരിപ്പൂരിനെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി ഉള്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കേരള ഹജ്ജ് കമ്മിറ്റിയും ജനപ്രതിനിധികളും കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
മുസ്‌ലിംകള്‍ ഉള്‍പ്പെട പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണാനുകൂല്യം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജന സംഖ്യാനുപാതികമായി സംവരണം ലഭിക്കാന്‍ സത്വര നടപടികള്‍ കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. സമസ്ത സംവരണ സംരക്ഷണ സമിതിയുടെ കീഴില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ഒപ്പുശേഖരണം വിജയിപ്പിച്ച മുഴുവന്‍ ആളുകളെയും സംഘടന പ്രവര്‍ത്തകരെയും യോഗം അഭിനന്ദിച്ചു.
സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ചപ്പോള്‍ താരതമ്യേന പഠനാവസരങ്ങള്‍ കുറഞ്ഞതും പിന്നാക്ക മേഖലകളും ഉള്‍പ്പെടെ മലബാര്‍ ജില്ലകള്‍ക്ക് മതിയായ പരിഗണന നല്‍കിയില്ലെന്ന് യോഗം വിലയിരുത്തി. ഉപരിപഠനത്തിന് സൗകര്യങ്ങള്‍ ഇല്ലാത്ത ജില്ലകളില്‍ പുതിയ കോളേജുകളും കോഴ്‌സുകളും അനുവദിക്കണമെന്ന് യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പുതിയ രണ്ട് മദ്‌റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത അംഗീകൃത മദ്‌റസകളുടെ എണ്ണം 10277 ആയി. നൂറുല്‍ ഇസ്‌ലാം മദ്‌റസ ബൈലുകൊപ്പ (മൈസൂര്‍), ബദരീയ്യ മദ്‌റസ കൊഞ്ചാര്‍ (ദക്ഷിണകന്നട) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ.ഉമ്മര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്തി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

Leave a Reply