സുഹൃത്തിന്‍റെ ചതിയില്‍ പെട്ട് വലഞ്ഞു, ഒടുവില്‍ അജീഷ് നാട്ടിലെത്തി

ഷാ‍ർജ: പ്രിയപ്പെട്ടവ‍രുടെ സ്വപ്നങ്ങള്‍ സഫലീകരിക്കാമെന്ന പ്രതീക്ഷയോടെയാണ്, വ‍ർക്കല സ്വദേശിയായ അജീഷ് പുഷ്കരന്‍, യുഎഇയിലെത്തിയത്. വിശ്വസിച്ച സുഹൃത്ത് ചതിച്ചപ്പോള്‍,അജീഷിന് മുന്നില്‍ മറ്റുവഴികള്‍ തെളിഞ്ഞതുമില്ല. സന്ദ‍ർശക വിസയിലാണ് , 2019 ഒക്ടോബർ അഞ്ചിന്, അജീഷ് യുഎഇയിലെത്തിയത്. ജോലി നല്കി സുഹൃത്ത് സഹായിച്ചപ്പോള്‍ അത് വഞ്ചനയായിരിക്കുമെന്ന്, ഒട്ടും പ്രതീക്ഷിച്ചുമില്ല. ശമ്പളം കൊടുക്കാത്ത കമ്പനിയില്‍ നിന്ന്, വിട്ടുപോകാന്‍, സുഹൃത്ത് തനിക്ക് പകരം കണ്ടയാളായി അജീഷ്. ജോലി ചെയ്ത് ശമ്പളം ആവശ്യപ്പട്ടതോടെ കമ്പനി പുറത്താക്കി. ഇതോടെ തെരുവിലേക്ക് ഇറങ്ങേണ്ടിവന്നു. ഇതിനിടെ, അജീഷിന്‍റെ പാസ്പോ‍ർട്ട്,മൊബൈല്‍ ഫോണ്‍,പഴ്സ്, മോതിരം, എന്നിവയെല്ലാം മോഷണം പോയി. പലപ്പോഴായി, പോലീസില്‍ പിടികൊടുത്തു. നാട്ടില്‍ പോകാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. 5 മാസം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ഇതിനിടെ, ഒരു അപകടത്തില്‍ പെട്ട് ചികിത്സയിലായി. അജീഷിന്‍റെ അവസ്ഥ മനസിലാക്കിയ ആശുപത്രി അധികൃത‍ർ ചികിത്സ സൗജന്യമാക്കി കൊടുത്തു.ഇതിനിടെയാണ് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ അധികൃത‍‍ർ അജീഷിന്‍റെ കാര്യങ്ങള്‍ അറിയുന്നത്. സലാം പാപ്പിനിശേരിയുടേയും,കെടിപി ഇബ്രാഹിമിന്‍റെ നേതൃത്വത്തിലുളള സുമനസുകള്‍, അജീഷിനെ സഹായിക്കാനായി മുന്നിട്ടിറങ്ങി. നിയമസഹായത്തിന്,സലാം പാപ്പിനിശേരിയും മുന്നില്‍ നിന്നു. താമസമുള്‍പ്പടെയുളള സൗകര്യങ്ങളും അദ്ദേഹമൊരുക്കി കൊടുത്തു. തുടർന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഔട്ട് പാസും തിരിച്ചുപോകാനുളള ടിക്കറ്റും, തരപ്പെടുത്തി. സ്വപ്നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച്, പ്രിയപ്പെട്ടവരുടെ അടുത്തേക്ക്, അജീഷ് വിമാനം കയറി.

Leave a Reply