സഹജീവിക്കൊരു കൂട്ടായ്: ഈദ് ഫുഡ് കിറ്റും പുതുവസ്ത്രവും നല്‍കി ദുബൈ-മലപ്പുറം ജില്ല കെഎംസിസി

ദുബൈ: ‘സഹജീവിക്കൊരു കൂട്ടായ്’ ഈദ് ഫുഡ് കിറ്റും പുതുവസ്ത്രവും ദുബൈ-മലപ്പുറം ജില്ല കെഎംസിസി നല്‍കി. 4,000 പേര്‍ക്കുള്ള ഫുഡ് കിറ്റും 1,000 പേര്‍ക്കുള്ള പുതുവസ്ത്രങ്ങളുമാണ് ബലി പെരുന്നാളിനോടനുബന്ധിച്ച് മണ്ഡലം കമ്മിറ്റി കണ്ടെത്തുന്ന അര്‍ഹരിലേക്ക് എത്തിച്ചു നല്‍കുന്നത്. കഴിഞ്ഞ അഞ്ചു മാസമായി കോവിഡ് 19 പ്രതിരോധ നടപടികളില്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് ബലിപെരുന്നാള്‍ സമൃദ്ധമാക്കാന്‍ ഈദ് ഫുഡ് കിറ്റും പുതുവസ്ത്രങ്ങളും നല്‍കി ജില്ലാ കെഎംസിസി മാതൃകയായി. ജോലി നഷ്ടപ്പെട്ടവര്‍, ശമ്പളം ലഭിക്കാതെ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍, വിസിറ്റിംഗ് വിസയിലെത്തി തിരിച്ചു പോകാന്‍ സാധ്യമാവാത്തവര്‍ തുടങ്ങിയ നിരവധി പേര്‍ക്കാണ് മലപ്പുറം ജില്ലാ കെഎംസിസിയുടെ ‘സഹജീവിക്കൊരു കൂട്ടായ്’ എന്ന പദ്ധതിയിലൂടെ ആശ്വാസമേകുന്നത്. ഈദ് ഫുഡ് കിറ്റ് വിതരണ ഉദ്ഘാടനം യുഎഇ കെഎംസിസി മുഖ്യ രക്ഷാധികാരി എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ നിര്‍വഹിച്ചു. പ്രവാസികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് മലപ്പുറം ജില്ലാ കെഎംസിസി നടത്തുന്ന ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഈദ് പുതുവസ്ത്ര വിതരണ ഉദ്ഘാടനം ദുബൈ കെഎംസിസി മുന്‍ പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ നിര്‍വഹിച്ചു. 41 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാടണയുന്ന മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് കുഞ്ഞിമോന്‍ എരമംഗലത്തിനുള്ള മെമെന്റോ നല്‍കി ദുബൈ കെഎംസിസി ജന.സെക്രട്ടറി മുസ്തഫ തിരൂര്‍ ആദരിച്ചു. കുഞ്ഞിമോന്‍ എരമംഗലത്തിനുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം 123 കാര്‍ഗോ എംഡി മുനീര്‍ നല്‍കി. ചടങ്ങില്‍ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ചു. ബാബു എടക്കുളം, ദുബൈ കെഎംസിസി സംസ്ഥാന ഭാരവാഹികളായ ആര്‍.ഷുക്കൂര്‍, കെ.പി.എ സലാം, സിദ്ദീഖ് കാലൊടി ആശംസ നേര്‍ന്നു. ജലീല്‍ കൊണ്ടോട്ടി, എ.പി നൗഫല്‍, ഷക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, മുജീബ് കോട്ടക്കല്‍, അബ്ദുല്‍ സലാം പരി, ഫഖ്‌റുദ്ദീന്‍ മാറാക്കര, ഷമീം ചെറിയമുണ്ടം തുടങ്ങിയ ജില്ലാ ഭാരവാഹികള്‍ ചടങ്ങിന് നേതൃത്വം നല്‍കി. പി.വി നാസര്‍ സ്വാഗതവും ബദറുദ്ദീന്‍ തറമ്മല്‍ നന്ദിയും പറഞ്ഞു.

Leave a Reply