ജയ്പൂര്‍: ഗുജറാത്തിന് പിന്നാലെ രാജസ്ഥാനിലും നിയമസഭാംഗങ്ങളെ അടര്‍ത്തിയെടുക്കാന്‍ ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോക്ക് പരാതി നല്കി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ പരാതിയില്‍ ബി.ജെ.പിയുടെ പേരെടുത്ത് പറഞ്ഞിട്ടില്ല.
മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭ തെരഞ്ഞെടുപ്പ് ജൂണ്‍ പത്തൊമ്പതിന് നടക്കാനിരിക്കെ ബി.ജെ.പിയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കും. നിലവിലെ സാഹചര്യമനുസരിച്ച് കോണ്‍ഗ്രസിന് രണ്ട് സീറ്റിലും ബി.ജെ.പിക്ക് ഒരു സീറ്റിലുമാണ് ജയിക്കാന്‍ സാധിക്കുക. എന്നാല്‍ രണ്ട് സീറ്റുകളിലേക്ക് ബി.ജെ.പി സ്ഥനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് എം.എല്‍.എമാരെ ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതയിലെ ശിവ് വിലാസ് റിസോട്ടിലേക്ക് മാറ്റിയതായി കോണ്‍ഗ്രസിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ചിലര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് എം.എല്‍.എമാര്‍ പാര്‍ട്ടി വിടുന്നത് തടയാന്‍ മുന്‍കരുതലുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഗുജറാത്തിലെ കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെയും രാജസ്ഥാനിലെ റിസോട്ടിലേക്ക് നേരത്തെ മാറ്റിയിരുന്നു.