മദ്ധ്യപ്രദേശ് : കമല്‍ നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചരടുവലിച്ചത് ബിജെപിയുടെ കേന്ദ്ര നേതൃത്വം ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. ഇന്ദോറിലെ സെനാവര് അസംബ്ലി മണ്ഡലത്തിലെ പാര്‍ട്ടി സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസ്താവനകളാണ് ക്ലിപ്പിലുള്ളത്. ജോതിരാദിത്യ സിന്ധ്യയെയും തുള്‍സി സിലാവതിനെയും അനുനയിപ്പിക്കാതെ ഇത്തരമൊരു അട്ടിമറി നീക്കം സാധ്യമാവില്ലായിരുന്നുവെന്നും ശിവരാജ് സിംഗ് ചൗഹാന് പറയുന്നതായി ഓഡിയോയില്‍ വ്യക്തമാവുന്നുണ്ട്.
കമല്‍ നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ബി.ജെ.പി നേതൃത്വം ഈ വാദത്തെ അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ ശിവരാജ് സിംഗ് ചൗഹാന് സത്യം വെളിപ്പെടുത്തിയയതായി കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലൂജ പ്രതികരിച്ചു. ഇത്തരമൊരു നീക്കത്തിന് പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വം ആയിരുന്നുവെന്നും ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവന വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോതിരാദിത്യ സിന്ധ്യ ബി.ജെ.പിയോടൊപ്പം ചേര്‍ന്നതോടെയാണ് കോണ്‍ഗ്രസിന് മദ്ധ്യപ്രദേശില്‍ ഭൂരിപക്ഷം നഷ്ടമായത്. സിന്ധ്യ അനുകൂലികളായ 22 എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഒഴിവുവന്ന ഇരുപത്തിരണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപ തെരഞ്ഞെടുപ്പ് തിയ്യതി തിരഞ്ഞെടുപ്പ് കമ്മീഷണ് പ്രഖ്യാപിക്കാനിരിക്കെയാണ് ചൗഹാന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരിക്കുന്നത്. ഇത് ബി.ജെ.പിക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചേക്കും. എന്നാല്‍ ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് സംശയം നിലനില്‍ക്കുന്നതായി ദേശീയ മാധ്യമമായ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.