ലോക ജനത പരീക്ഷണകാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന്, ലുലു ഗ്രൂപ്പ് ചെയർമാന് എം എ യൂസഫലി. ലൈലത്തുല്‍ ഖദ്റിലെ പുണ്യരാവില്‍ പ്രാർത്ഥനയാകുന്നത്, കോവിഡെന്ന മഹാമാരിയില്‍ നിന്നും ജനങ്ങള്‍ക്ക് മുക്തി വേണമെന്നുളളത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ വിർച്വല്‍ മീഡിയ മജ്ലിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയും. ലുലു ഗ്രൂപ്പില്‍ ഒരു മാസം പോലും, ശമ്പളം വൈകിയിട്ടില്ല, കാരണം തന്റെ ജീവനക്കാർ ഓരോരുത്തരും കുടുംബം പുലർത്തുന്നത്, ഈ പണം കൊണ്ടാണെന്നുളള ബോധ്യമുണ്ട്. അതിനാല്‍ തന്നെ അതിനിയും മുടക്കാതെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 9 മുതല്‍ 12 മാസം വരെ നല്‍കാനുളള ഭക്ഷണ സാധനങ്ങള്‍ ലുലുവിന്റെ സ്റ്റോറുകളിലുണ്ട്. ദീർഘ വീക്ഷണമുളള യുഎഇ ഭരണാധികാരികള്‍ അക്കാര്യം താനടക്കമുളള ഫുഡ് ഔട്ലൈറ്റുകള് നടത്തുന്നവരോട് ചോദിച്ച് ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷണം, മനുഷ്യന്റെ പ്രാഥമിക ആവശ്യമായതുകൊണ്ടുതന്നെ, ഇതൊരു സേവനം കൂടിയാണ്. മാസ്കും ഗ്ലൗസുമുള്പ്പടെ രോഗവ്യാപനം ഉണ്ടാകാതിരിക്കാനുളള എല്ലാ സുരക്ഷാ കാര്യങ്ങളും ഒരുക്കിയാണ്, ലുലുവിന്റെ ഔട്ട്ലെറ്റുകളെല്ലാം പ്രവർത്തിക്കുന്നത്. അതുറപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡിനൊപ്പം ജീവിക്കേണ്ടിവന്നാലും, അതിന് മാനസികമായും ശാരീരികമായും തയ്യാറെടുക്കുകയെന്നുളളതാണ് പ്രധാനം. അതോടൊപ്പം തന്നെ വാക്സിനുകള്‍ കണ്ടെത്തുമെന്നുളള പ്രതീക്ഷിലും പ്രാർത്ഥനയിലുമാണ് നാമെല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ ഈ പ്രതിസന്ധി തരണം ചെയ്ത് തിരിച്ചുവരും. 30 വർഷം മുന്‍പും ഇതുപോലൊരു പ്രതിസന്ധി അതിജീവിച്ചവരാണ് ഗള്‍ഫ് രാജ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് മിഷന്
ഇവിടെ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി കഴിയാവുന്നതെല്ലാം കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ചെയ്യുന്നുണ്ട്. വിമാനസർവ്വീസ് കുറവാണെന്നുളള പരാതിയോട്, വരും ദിവസങ്ങളില്‍ കൂടുതല്‍ സർവ്വീസുകള്‍ ആരംഭിക്കാന്‍ സർക്കാർ പദ്ധതിയുണ്ടെന്നാണ് അറിയുന്നതെന്ന് അദ്ദേഹം മറുപടി നല്കി. ഇവിടെയുളള കാര്യങ്ങളെല്ലാം, എംബസി ബന്ധപ്പെട്ടവരെ അറിയിക്കുന്നുണ്ട്. അക്കാര്യത്തില്‍ ആവലാതി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെ നോർക്ക വഴിയോ എംബസി വഴിയോ സഹായിക്കാന്‍ എത്രത്തോളം സാധ്യതയുണ്ടെന്നത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
80 ശതമാനത്തോളം മലയാളികള്‍, എന്തുകൊണ്ട്?
കേരളത്തില്‍ നിന്നുളളവരാണ്, യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതലുളളത്. എന്തുകൊണ്ട് വിദ്യാഭ്യാസപരമായും വ്യവസായപരമായുമൊക്കെ മുന്നില്‍ നില്ക്കുന്ന കേരളത്തില്‍ നിന്ന് എന്തുകൊണ്ടായിരിക്കാം ആളുകള്‍ മറുനാട്ടിലേക്ക് പോകുന്നത്. കേരളം മാറേണ്ടതാണ്, കൂടുതല്‍ തൊഴിലവസരങ്ങള്‍ കേരളത്തിലുണ്ടാകണം. ഏതെങ്കിലും പദ്ധതികള്‍ കൊണ്ടുവന്നാല്‍, അത് എതിർത്ത് തോല്പിക്കാനുളള പ്രവണത മാറണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലേതുപോലെ, തിരുവനന്തപുരത്തും ലുലുമാള്‍ തുറക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.നമ്മുടെ കുട്ടികള്‍ എന്തുകൊണ്ട് വുഹാനില്‍ പോയി പഠിക്കേണ്ട സാഹചര്യമുണ്ടാകുന്നു, ഇതെല്ലാം ഇനിയെങ്കിലും മാറിയേ തീരൂ.മടങ്ങിപ്പോകുന്ന പ്രവാസികള്‍ എങ്ങനെ ജീവിക്കുന്നുവെന്നുളളതും പ്രധാനപ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫിന്റെ പ്രതാപകാലം അവസാനിച്ചില്ല, മടങ്ങിവരും
ഇ കൊമേഴ്സും വാട്സ് അപ്പ് ഡെലിവറിയുമൊക്കെ ഈ കോവിഡ് കാലത്ത്, ലുലു കൂടുതലായി ഉപയോഗപ്പെടുത്തി. അതിന് ഉപഭോക്താക്കളില്‍ നിന്നും വലിയ പിന്തുണയും കിട്ടുകയുണ്ടായി. കോവിഡ് എല്ലാ മേഖലയേയും ബാധിച്ചിട്ടുണ്ട്.പക്ഷെ ഇത് താല്‍ക്കാലികം മാത്രമാണ്. ലോക് ഡൗണ്‍ ബിസിനസിനെ ബാധിച്ചിട്ടുണ്ട്.നമ്മള് ശക്തരായി നേരിടുകയാണ് ഏക പോംവഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അബുദബിയിലെ ഹെഡ് ഓഫീസായ വെറ്റ് ടവറിലിരുന്നാണ്, 40 ഓളം മാധ്യമപ്രവർത്തകരുമായി അദ്ദേഹം സൂം മിഡീയ മജ്ലിസില്‍ സംവദിച്ചത്. ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസർ നന്ദകുമാർ, സൂം മജ്ലിസില്‍ ചർച്ചകള്‍ നിയന്ത്രിച്ചു
