മരിച്ചവരേയും പരിക്കേറ്റവരെയും ഒരേ ട്രക്കിൽ; വിമർശനങ്ങൾ ഏറ്റുവാങ്ങി യോഗി സർക്കാർ


ലക്നൗ: ഉത്തര്‍പ്രദേശിലെ ഔറിയയില്‍ നടന്ന അപകടത്തില്‍ മരിച്ചവരെയും പരിക്കേറ്റവരെയും ഒരേ തുറന്ന ട്രക്കില്‍ നാട്ടിലേക്ക് കയറ്റി അയച്ച യോഗിസർക്കാറിനെതിരെ കടുത്ത വിമർശനങ്ങളുമായി ജാർഖണ്ഡ് മുഖ്യമന്ത്രി. മൃതദേഹങ്ങൾ ടാർപോളിനിൽ പൊതിഞ്ഞ് വെച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യോഗി സർക്കാർ നടപടി മനുഷ്യത്വരഹിതമെന്നാണ് ഹേമന്ത് സോറന്‍ ട്വിറ്ററില്‍ കുറിച്ചത്.
ശനിയാഴ്ചയാണ് ഔറിയയിൽ അപകടം നടക്കുന്നത്. പിന്നീട് പരിക്കേറ്റവരെയും മരിച്ചവരെയും സ്വദേശമായ ജാർഖണ്ഡിലേക്ക് ട്രക്കിൽ കയറ്റി വിടുകയായിരുന്നു. ട്രക്കിൻ്റെ ദൃശ്വങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രചരിക്കുന്നുണ്ട്.
ഞങ്ങളുടെ കുടിയേറ്റ തൊഴിലാളികളോട് ഇത് അരുതായിരുന്നു. മനുഷ്യത്വരഹിതമായ ഈ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് യുപി സർക്കാറിനോട് ഞാൻ അപേക്ഷിക്കുന്നു. മരിച്ചവരുടെ ബൊക്കാരോയിലെ അവരുടെ വീടുകളിൽ മാന്യമായ ക്രമീകരണങ്ങൾ ഞങ്ങൾ ഉറപ്പാക്കും.മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ഹേമന്ത് സോറന്‍റെ ട്വീറ്റ് പുറത്തുവന്നതോടെ ഹൈവേ വഴി സഞ്ചരിക്കുകയായിരുന്ന ട്രക്ക് തടഞ്ഞുനിര്‍ത്തുകയും മൃതദേഹങ്ങള്‍ ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു. ജാര്‍ഖണ്ഡില്‍ ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടി സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ട്രക്ക് വഴി കൊണ്ടുവന്ന മൃതദേഹങ്ങള്‍ ജീര്‍ണിച്ചതായും, മൃതദേഹങ്ങള്‍ക്കൊപ്പം പരിക്കേറ്റ യാത്രക്കാരെ കൂടി കയറ്റിവിട്ടത് ക്രിമിനല്‍ നടപടിയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.
അപകടത്തില്‍ കൊല്ലപ്പെട്ട 11 പേര്‍ ജാര്‍ഖണ്ഡ് സ്വദേശികളായിരുന്നു. മറ്റുള്ളവര്‍ ബംഗാള്‍ സ്വദേശികളാണ്.

Leave a Reply