ദുബായില്‍ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയം വീണ്ടും മാറുകയാണ്. വൈകീട്ട് 8 മണിമുതല്‍, രാവിലെ ആറുവരെയായിരിക്കും ബുധനാഴ്ച (20-05-2020) മുതല്‍ അണുനശീകരണ പ്രവർത്തനങ്ങള്‍ നടക്കുക. അതോടൊപ്പം തന്നെ കർശനമായ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായിരിക്കുകയാണ്. നിയമം വീണ്ടും വീണ്ടും ലംഘിച്ചാല്‍ ആറുമാസത്തെ തടവും ഒരുലക്ഷം ദിർഹവുമാണ് പിഴ. നിയമലംഘകരുടെ പേരും ചിത്രവും പ്രസിദ്ധപ്പെടുത്തുമെന്നും ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനിലെ എമർജന്‍സി ആന്റ് ഡിസാസ്റ്റർ പ്രോസിക്യൂഷന്റെ ആക്ടിംഗ് ചീഫ് പ്രോസിക്യൂട്ടർ സേലം അല്‍ സാബി വ്യക്തമാക്കി.ആരോഗ്യമന്ത്രാലയം നിർദ്ദേശിക്കുന്നവർ, ഹോം ക്വാറന്റൈന് നിർദ്ദേശം ലംഘിച്ചാല്‍, 50000 ദിർഹമാണ് പിഴ.തെർമല്‍ ക്യാമറകള്‍ സ്ഥാപിച്ചില്ലെങ്കില്‍, 20000 ദിർഹമാണ് പിഴ. കാറുകളില്‍ യാത്രചെയ്യാവുന്ന പരമാവധി ആളുകളുടെ എണ്ണം മൂന്നാണ്. കുടുംബങ്ങള്‍ക്ക് നാലുപേരായി യാത്ര ചെയ്യാം. ഇത് ലംഘിച്ച് കൂടുതല്‍ പേരെ ഉള്‍ക്കൊളളിച്ച് യാത്രനടത്തിയാല്‍ 3000 ദിർഹമാണ് പിഴ. കാറിനകത്ത്, മാസ്ക് ധരിച്ചില്ലെങ്കില്‍, 3000 ദിർഹം പിഴ നല്‍കേണ്ടിവരും. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ 3000 ദിർഹം-ജിമ്മുകള്‍,കോഫീഷോപ്പുകള്‍,റീടെയ്ലില്‍ ഔട്ട്ലെറ്റുകള്,പബ്ലിക് പൂള്സ് എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കണം, ഇല്ലെങ്കില്‍ 5000 ദിർഹം പിഴ നല്‍കേണ്ടിവരും. കോവിഡ് ടെസ്റ്റിന് വിസമ്മതിച്ചാലും 5000 ദിർഹമാണ് പിഴ. സല്‍ക്കാരങ്ങള്‍ സംഘടിപ്പിച്ചാല്‍, ആതിഥേയന്, 10,000 ദിർഹവും അതിഥിക്ക് 5000 ദിർഹവും പിഴ കിട്ടും. കോവിഡ് 19 ട്രാക്ക് ചെയ്യുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് വിസമ്മതിച്ചാല്‍, 10,000 ദിർഹമാണ് പിഴ. ഏതെങ്കിലും തരത്തില്‍ ആപ്പില്‍ കൃത്രിമം കാണിക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്താല്‍, 20000 ദിർഹം പിഴ നല്‍കേണ്ടിവരും.തെർമല്‍ ക്യാമറയില്‍ ടെസ്റ്റ് ചെയ്യുന്നതിന് വിസമ്മതിച്ചാല്‍, 20000 ദിർഹമാണ് പിഴ. രോഗികളുടെ ആരോഗ്യവിവരങ്ങള്‍ പകർത്തുകയോ,പ്രസിദ്ധപ്പെടുത്തുകയോ ചെയ്താലും 20,000 ദിർഹം നല്‍കേണ്ടിവരും. ജിമ്മുകള്‍ ക്ലബ് മാർക്കറ്റ്, പാർക്ക് റെസ്റ്ററന്റുകള്‍ ബീച്ചുകള്‍ സമയം നല്‍കിയിട്ടുണ്ട്, ആ സമയപരിധി ലംഘിച്ചാല്‍ പിഴ നല്‍കേണ്ടിവരിക 50,000 ദിർഹമാണ്.