ഓട്ടോതൊഴിലാളികൾക്ക് ആശ്വാസവുമായി അഹമ്മദ് മൂപ്പൻ എത്തി

കൽപകഞ്ചേരി: ലോക്ക്ഡൌൺ മൂലം ജീവിതം വഴിമുട്ടിയ ഒരുപാട് മേഖലകളുണ്ട്. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന തൊഴിലാളികളെയാണ് അത് കൂടുതൽ ബാധിച്ചത്. അന്നന്ന് കിട്ടുന്ന ചില്ലറത്തുട്ടുകൾക്കു പോലും അവരുടെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നു. പെട്ടെന്നൊരു നാൾ രാത്രിയിൽ നാളെ മുതൽ പുറത്തിറങ്ങരുത് എന്ന പ്രഖ്യാപനത്തിലൂടെ തകർന്നുപോയത് ഇങ്ങിനെയുള്ള ഒരു പാടു പേരുടെ ജീവിത സ്വപ്നങ്ങളായിരുന്നു. ആ കൂട്ടത്തിൽ ചേർത്തു പറയേണ്ട ഒരു വിഭാഗമാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ. പലരും ഇപ്പോൾ നിത്യവൃത്തിക്കുപോലും ഗതിയില്ലാത്തവർ. അഭിമാനികൾ ആയതിനാൽ തങ്ങളുടെ ദാരിദ്ര്യവും പട്ടിണിക്കഥകളും പുറത്ത് പറയാത്തവർ.
അവർക്കിടയിലേക്കാണ് അഹമ്മദ് മൂപ്പൻ ഇപ്രാവശ്യം തന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായ ജീവകാരുണ്യ പ്രവർത്തനവുമായി കടന്നു ചെന്നത്.
മുമ്പ് നടന്ന രണ്ടു പ്രളയകാലങ്ങളിലായിരുന്നു അഹമ്മദ് മൂപ്പൻ ജീവകാരുണ്യപ്രവർത്തനങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിന്നത്. അന്ന് ഈ സാന്നിധ്യം ഏറ്റവും ഉപകാരപ്പെട്ടത് തീരദേശ വാസികൾക്കാക്കായിരുന്നെങ്കിൽ ഈ പ്രാവശ്യം തങ്ങളുടെ വിഷമതകൾ പങ്കു വെച്ച സ്വന്തം നാട്ടുകാരിലേക്കു തന്നെയാണ് മൂപ്പൻ തന്റെ ആദ്യപടിയായുള്ള സഹായമായ കിറ്റുകൾ എത്തിച്ചത്.
കൽപകഞ്ചേരി ,വളവന്നൂർ പഞ്ചായത്തുകളിലെ ഓട്ടോ തൊഴിലാളികൾക്കാണ് എൻജീനീയർ അഹമ്മദ് മൂപ്പൻ തന്നെ നേരിട്ടെത്തി കിറ്റുകളുടെ വിതരണം നിർവ്വഹിച്ചത്.

മുസ്ലിം ലീഗ് ദേശീയ സമിതി അംഗമായ ഇ ആർ അഹമ്മദ് മൂപ്പൻ നാട്ടിൽ വിവിധ മത സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃ നിരയിൽ പ്രവർത്തിക്കുന്ന വ്യക്തിത്വമാണ്. അശരണരോടും ആലംബഹീനരോടും എന്നും ചേർന്നു നിന്നുള്ള പാരമ്പര്യമാണ് മൂപ്പൻസ് കുടുംബത്തിന്റേത്. അതേ പാതയിൽ തന്നെയാണ് അഹമ്മദ് മൂപ്പനും തന്റെ പൊതുപ്രവർത്തനവുമായി മുന്നോട്ട് പോകുന്നത്. കൽപകഞ്ചേരി എസ്.ഐ. പ്രിയൻ ഉദ്ഘാടനം ചെയ്തു .കടുങ്ങാത്തുകുണ്ട് മഹല്ല് പ്രസിഡണ്ട് പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ, ഡോ.ജമാൽ മുഹമ്മദ്, അബ്ദുൽ ബാരി, കബീർ ബാബു സംബന്ധിച്ചു.

Leave a Reply