നാലാം ഘട്ട ലോക്ഡൗണിന്റെ മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ മെയ് മുപ്പത്തിയൊന്ന് വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ നാലാം ഘട്ട ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിബന്ധനകള്‍ക്ക് വിധേയമായി കോവിഡ് ബാധിതരുടെ തോത് അനുസരിച്ച് വിവിധ സോണുകളാക്കി തിരിക്കാനുളള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളാണ് നിര്‍വഹിക്കുന്നത്.
ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയിലെ പ്രസക്ത ഭാഗങ്ങള്‍:
- ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇല്ലാത്ത അന്താരാഷ്ട്ര – ആഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിക്കില്ല. മെട്രോ സര്‍വീസുകള്‍ക്കും നിയന്ത്രണം.
- വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാളുകള്‍, സിനിമ തിയറ്ററുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ അടഞ്ഞുകിടക്കും.
- റസ്റ്റോറന്റുകള്‍ മറ്റ് ഹോസ്പിറ്റാലിറ്റി സര്‍വീസുകള്‍ തുടങ്ങിയവ അനുവദിക്കില്ല. എന്നാല്‍ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്, ബസ് ഡിപ്പോ എന്നിവിടങ്ങളിലെ കാന്റീനുകള്‍ക്ക് പ്രവര്‍ത്തിക്കാം.
- സാമൂഹിക, രാഷ്ട്രീയ, മതസംഗമങ്ങള്‍ പാടില്ല
- രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ യാത്ര അനുവദിക്കില്ല
- അന്തര്‍ജില്ല, അന്തര്‍ സംസ്ഥാന യാത്രകളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സ്വയം തിരുമാനം എടുക്കാം.
- സ്പോര്‍ട്സ് കോപ്ലക്സുകളും സ്റ്റേഡിയങ്ങളും തുറക്കാം, എന്നാല്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാവില്ല.
- കണ്ടെയ്മെന്റ് സോണുകളില്‍ അത്യാവശ സേവനങ്ങള്‍ക്ക് മാത്രം അനുമതി
- റെസ്റ്റോറന്റുകളിലെ ഹോം ഡെലിവറിക്ക് തടസ്സമില്ല
- വിവാഹ ചടങ്ങുകളില്‍ അമ്പത് പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ ഇരുപത് പേര്‍ക്കും പങ്കെടുക്കാം