വിദേശത്ത് നിന്നെത്തിയ പ്രവാസികളെ അപമാനിച്ചത് പ്രതിഷേധാർഹം: റിയാദ് കെ.എം.സി.സി

റിയാദ്: വിദേശത്ത് നിന്നും നാട്ടിലെത്തിയ പ്രവാസികളെ സ്വീകരിക്കുന്നതിലും അവർക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കുന്നതിലും അധികൃതർ കാണിക്കുന്ന നിരുത്തരവാദിത്വപരമായ നിലപാടിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.  പ്രവാസികൾ രോഗ വാഹകരാണെന്ന രീതിയിൽ അവരോട് ശത്രുതാ പരമായി പെരുമാറുന്ന സമീപനമാണ്‌ ചിലർ പുലർത്തി വരുന്നത്. തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെയുള്ള ജില്ലകളിലേക്ക് തിരികെ പോകുന്ന രോഗികളും ഗർഭിണികളൂമടക്കമുള്ള യാത്രക്കാർക്ക് പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ അവസരം നിഷേധിക്കുകയും വെള്ളം പോലും നൽകാതെ പീഡിപ്പിക്കുകയും ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്‌.  പ്രവാസികളെ സ്വീകരിക്കാൻ കേരളം പൂർണ്ണ സജ്ജമാണെന്ന് പറയുമ്പോഴും കഴിഞ്ഞ ദിവസം ബഹ് റൈനിൽ നിന്നും കോഴിക്കോട്ടെത്തിയ യാത്രക്കാർക്ക് ഫറോക്കിൽ ഒരുക്കിയ ക്വാറന്റൈൻ സൗകര്യം പ്രവാസികളെ ഒന്നടങ്കം അപമാനിക്കുന്നതിന്‌ തുല്യമായി പോയി.  വൃത്തിഹീനമായ മുറികളും ഉപയോഗ ശൂന്യമായ ബാത്ത് റൂം സൗകര്യങ്ങളൂം നൽകിയപ്പോൾ പ്രതിഷേധിച്ച യാത്രക്കാരെ ഭീഷണിപ്പെടുത്തുകയാണ്‌ പോലീസും മുനിസിപ്പൽ അധികൃതരും ചെയ്തത്.  കേരളത്തിൽ പലയിടത്തും ഇതെ സാഹചര്യമാണുള്ളത്.  

വിവിധ രാജ്യങ്ങളിൽ നിന്ന് മാസങ്ങളായി ആധിയിലും ആശങ്കയിലും കഴിഞ്ഞിരുന്നവരാണ്‌ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നത്. ജോലിയോ വരുമാനമോ ഇല്ലാതെ കടം വാങ്ങിയ ടിക്കറ്റുമെടുത്ത് സ്വന്തം നാട്ടിലെത്തിയപ്പോൾ അവരെ ഭീകര ജീവികളെ കാണുന്ന പോലെയാണ്‌ പോലീസുകാരും മറ്റും സമീപിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്‌.  ദൂരെ ദിക്കിലേക്ക് തിരിക്കേണ്ട യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യങ്ങളും ഭക്ഷണവും നൽകാൻ അധികൃതർ തയ്യാറാവണം.  അതോടൊപ്പം മാന്യമായ രീതിയിൽ അവർക്ക് ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യമൊരുക്കാനും അവർക്ക് ഭക്ഷണമെത്തിക്കാനും സർക്കാർ തയാറാവണമെന്നും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ആക്ടിങ് സെക്രട്ടറി ജലീൽ തിരൂർ എന്നിവർ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Leave a Reply