ജയിലിലടച്ച പൗരത്വ പോരാളികൾക്ക് മുസ്ലിം ലീഗ് നിയമ സഹായം നൽകും.

0
287


മലപ്പുറം: ഭരണകൂട ഭീകരതയുടെ ഇരകളായി ജയിലിലടക്കപ്പെട്ട ആക്റ്റിവിസ്റ്റുകൾക്ക് നിയമ പോരാട്ടത്തിൽ പിന്തുണ നൽകാൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു. യു എ പി എ, എൻ എസ് എ തുടങ്ങിയ കരിനിയമങ്ങൾ ചുമത്തി ജയിലിലടക്കപ്പെട്ട ജാമിഅ മില്ലിയ സർവ്വകലാശാല വിദ്യാർത്ഥി നേതാക്കളായ സഫൂറ സർഗർ, മീരാൻ ഹൈദർ, പൂർവ്വ വിദ്യാർത്ഥി നേതാവ് ഷിഫാഉർറഹ്മാ, സീലംപൂരിൽ ഷഹീൻ ബാഗ് മോഡൽ സമരത്തിനു നേതൃത്വം കൊടുത്ത ഗുൽശിഫ എന്നിവരെ അറസ്റ്റ് ചെയ്യുകയും ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ: സഫറുൽ ഇസ്ലാമിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കസ്റ്റഡിയിലെടുക്കാൻ നീക്കം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥി നേതാക്കൾക്ക് നിയമസഹായം നൽകാൻ തീരുമാനിച്ചത്.

അന്യായ തടങ്കലിൽ കഴിയുന്നവർക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ മുസ്ലിം ലീഗ് കൂടെ നിൽക്കുമെന്ന് നേതാക്കൾ പറഞ്ഞു. സാമ്പത്തികമായും രാഷ്ട്രീയമായും അവരെ പാർട്ടി പിന്തുണക്കും.തിഹാർ ജയിലിൽ കഴിയുന്ന സഫൂറ സർഗർ മൂന്ന് മാസം ഗർഭിണിയാണ്. പൗരത്വ നിയമത്തിനെതിരായി നടന്ന സമരത്തിലൂടെ ദേശീയ ശ്രദ്ധ നേടിയവരാണ് മീരാൻ ഹൈദറും ഷിഫാ ഉർ റഹ്മാനും. സീലംപൂരിൽ നടന്ന ഷഹീൻ ബാഗ് മോഡൽ സമരത്തിൻ്റെ മുൻ നിരയിൽ നിന്ന ഗുൽശിഫയെ യു എ പി എ ചുമത്തി തീഹാർ ജയിലിൽ ക്കുന്നു. ഒരു ഭരണഘടനാ ചുമതലയുള്ള സ്ഥാപനത്തിൻ്റെ മേധാവി എന്ന പരിഗണന പോലുമില്ലാതെയാണ് ഡോ: സഫറുൽ ഇസ്ലാമിനെ വേട്ടയാടുന്നത്. നേരത്തെ തന്നെ ജയിലിൽ കഴിയുന്ന ഡോ: ഖഫീൽ ഖാന് കോടതി ജാമ്യം നൽകിയിട്ടും ദേശസുരക്ഷാ നിയമം ചുമത്തി വിട്ടയക്കുന്നത് തടസപ്പെടുത്തുകയാണ്.കൃത്യമായും ഒരു പ്രത്യേക സമുദായത്തെ ടാർജറ്റ് ചെയ്യുകയാണ്. പൗരത്വ സമര കാലത്തും ഡൽഹി വംശഹത്യയുടെ നാളുകളിലും കേന്ദ്ര സർക്കാറിന് അപ്രിയകരമായ സത്യങ്ങൾ വിളിച്ചു പറഞ്ഞു എന്നത് മാത്രമാണ് ഇവർ ചെയ്ത തെറ്റ്. കലാപത്തിൻ്റെ ഗൂഡാലോചന കുറ്റം ഇരകൾക്കുവേണ്ടി ശബ്ദിച്ചവരുടെ തലയിൽ കെട്ടി വക്കുന്നത് കേട്ടുകേൾവിയില്ലാത്ത ക്രൂരതയാണ്. ദേശ് കി ഗദ്ദാരോം കോ ഗോലിമാരോ (രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലു) എന്ന് രാജ്യദ്രോഹമുദ്ര ചാർത്തി കൊല്ലാൻ ആഹ്വാനം ചെയ്തവർ സ്വതന്ത്രരായി വിഹരിക്കുകയാണ്. വംശഹത്യയുടെ നാളുകളിൽ പോലീസ് തയാറാക്കിയ എഫ് ഐ ആറുകളിൽ പോലും ഈ വിദ്യാർത്ഥികളുടെ പേരില്ല. എന്നിട്ടും പിന്നീട് നിയമവിരുദ്ധമായി ആൾക്കൂട്ടം സൃഷ്ടിക്കുക,സായുധമായി സംഘടിക്കൽ, കലാപത്തിന് ഗൂഡാലോചന നടത്തുക, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് യു എ പി എ ചുമത്തുന്നത് പ്രതികാര നടപടിയാണ്. ഭാവിയിലും ബി ജെ പി സർക്കാറിൻ്റെ വർഗീയ അജണ്ടകൾക്കെതിരെ സംസാരിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമമാണിത്. ഇത് വിലപ്പോവില്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയിൽ വിശ്വാസമുണ്ട്. പൗരാവകാശങ്ങൾക്കു വേണ്ടി സംസാരിക്കുന്ന എല്ലാവരുടെയും പ്രതീകമാണ് ജയിലിക്കപ്പെട്ട ആക്റ്റിവിസ്റ്റുകൾ. ന്യൂനപക്ഷ അവകാശ നിഷേധങ്ങളുടെ നാടായി ഇന്ത്യ മാറുന്നത് അനുവദിക്കാനാവില്ല. കടുത്ത അധിക്ഷേപവും മാനസിക സംഘർഷവുമാണ് ജയിലിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങൾ അനുഭവിക്കുന്നത്. ഒരു ജനാധിപത്യ സമൂഹത്തിന് അവരെ തനിച്ചാക്കാനാവില്ല.

നേരത്തെ ഈ വിഷയം പാർലമെൻ്റിൽ മുസ്ലിം ലീഗ് ഉന്നയിച്ചിരുന്നു. വിദ്യാർത്ഥികളെ വേട്ടയാടുന്നത് കടുത്ത ജനാധിപത്യവിരുദ്ധതയാണെന്ന് ചൂണ്ടിക്കാട്ടി എം പി മാർ കത്തുകളയച്ചു, പാർട്ടിയുടെ ശക്തമായ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിച്ചു.ലോക് ഡൗൺ കാലയളവിൽ പരസ്യ പ്രതിഷേധത്തിൻ്റെ പരിമിതികൾ ഉണ്ടായിരുന്നിട്ടും മെയ് 6 ന് യൂത്ത് ലീഗ് ദേശവ്യാപകമായി ദേശീയ പ്രക്ഷോഭ ദിനം ആചരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ആയിരക്കണക്കിന് ഇ മെയിൽ പരാതികൾ അയച്ചു.കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു.നിരവധി സംസ്ഥാനങ്ങളിൽ പ്രവർത്തകർ സ്വന്തം വീടുകളിൽ പ്ലക്കാർഡുയർത്തി ഹോം പ്രോട്ടസ്റ്റ് സംഘടിപ്പിച്ചു.എം എസ് എഫ് ദേശീയ കമ്മിറ്റി നവ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യ രീതിയിൽ സാധ്യമായ പ്രതിഷേധങ്ങളൊക്കെ പാർട്ടിയും യുവജന വിദ്യാർത്ഥി ഘടകങ്ങളും തുടരുക തന്നെ ചെയ്യും. അതിന് പുറമേയാണ് ഈ വിദ്യാർത്ഥി വേട്ടയുടെ ഇരകൾക്ക് നിയമസഹായം നൽകുക. അവരുടെ കുടുംബങ്ങളുമായി കൂടിയാലോചിച്ച് മികച്ച അഭിഭാഷകരുടെ സേവനം ഉറപ്പാക്കണം. ഇതിനാവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കും. നീതി ലഭിക്കും വരെ ഇരകളുടെ കുടുംബത്തോടൊപ്പം പാർട്ടി നിലയുറപ്പിക്കും.

Leave a Reply