ഇന്ത്യ പ്രഖ്യാപിച്ചത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കോവിഡ് സാമ്പത്തിക പാക്കേജ്

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ജി.ഡി.പിയുടെ ഏകദേശം പത്ത് ശതമാനത്തോളം വരുന്ന പാക്കേജാണിത്. കോവിഡ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചിരുന്നു.സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാന മന്ത്രി നടത്തിയ ചര്‍ച്ചയിലും ഇക്കാര്യം ഉയര്‍ന്നുവന്നിരുന്നു. ഈയൊരു ഘട്ടത്തിലാണ് പുതിയ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ആത്മ നിര്‍ഭര്‍ ഭാരത് ( സ്വയം പര്യപ്തമായ ഇന്ത്യ) എന്ന നാമധേയത്തിലാണ് പാക്കേജ് നടപ്പാക്കുകയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചെറു-കിട വ്യവസായം. കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ പാക്കോജ് ഏറെ സഹായകരമാവുമെന്നും പ്രധാന മന്ത്രി പറഞ്ഞു. വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും പാക്കേജ് ഉപകാരപ്രദമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പാക്കേജിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ധനകാര്യ മന്ത്രി നിര്‍മലാ സീതരാമന്‍ അറിയിക്കും-പ്രധാന മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ വിവിധ രാഷ്ട്രങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചതില്‍ വെച്ച് മൂന്നാമത്തെ ഏറ്റവും വലിയ പാക്കേജുകളിലൊന്നാണ് പ്രധാന മന്ത്രി പ്രഖ്യാപിച്ചതെന്ന് ‘ദി ഇകോണമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ജി.ഡി.പിയുടെ പതിമൂന്ന് ശതമാനത്തോളം വരുന്ന സാമ്പത്തിക പാക്കേജാണ് അമേരിക്കയുടേത്. ജി.ഡി.പിയുടെ 21 ശതമാനത്തോളം വരുന്ന പാക്കേജാണ് ജപ്പാന്‍ പ്രഖ്യാപിച്ചിരുന്നത്.

Leave a Reply