നാലാം ഘട്ട ലോക്ഡൗണിന് സാധ്യത ?

മെയ് പതിനേഴിന് അവസാനിക്കുന്ന മൂന്നാം ഘട്ട ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യത. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ കോവിഡ് ബാധിത പ്രദേശങ്ങളിലൊഴികെ കൂടുതല്‍ ഇളവുകള്‍ നാലാം ഘട്ട ലോക്ഡൗണില്‍ അനുവദിച്ചേക്കും. പ്രധാന മന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ആറ് സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകളോടെയുള്ള നാലാം ഘട്ട ലോക്ഡൗണിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. മെയ് പതിനഞ്ചിന് മുമ്പായി സംസ്ഥാനങ്ങളോട് രൂപരേഖ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റെഡ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന. പൊതുഗതാഗത സംവിധാനങ്ങള്‍ക്കും രാത്രി യാത്രകള്‍ക്കും റെഡ് സോണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനിടയുണ്ടെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രിമാരുമായി പ്രധാന മന്ത്രി നടത്തിയ ചര്‍ച്ചയില്‍ നിയന്ത്രണങ്ങളോടെ പൊതു ഗതാഗത സംവിധാനങ്ങള്‍ അടക്കം അനുവദിക്കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രെയിന്‍ ഗതാഗതം ആരംഭിക്കാനായിട്ടില്ലെന്ന് കേരളം, തെലങ്കാന, ഒഡീഷ ,തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ നിലപാടെടുത്തു.

Leave a Reply