പ്രവാസികളുടെ മടക്കയാത്ര, കേന്ദ്രം തെറ്റിദ്ധരിപ്പിച്ചു ആനുകൂല്യങ്ങൾ നേടി

ഒരു രാജ്യം സ്വന്തം ജനതയോട് ചെയ്യുന്ന അനീതി കണ്ട് ലോകം മുഖം മറച്ച ദിവസമായിരുന്നു ഇന്നലെ. അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ഇന്ത്യക്കാരൻ നാണം കെട്ട ദിവസവും. ഇന്ത്യൻ ജനത സ്വദേശത്തും വിദേശത്തും നടത്തിയ സമ്മർദ്ദങ്ങൾക്കൊടുവിൽ യാഥാർഥ്യമായ വിമാന സർവീസ് ഇന്നലെ മുടങ്ങിയപ്പോൾ അതിന്റെ കാരണം തേടി അലയുകയായിരുന്നു സാമൂഹ്യ പ്രവർത്തകരും യാത്രക്കാരും. ഗൾഫിലെ എയർപോർട്ടുകളിലുള്ള സാങ്കേതിക തടസ്സങ്ങൾ ആണെന്ന് വളരെ വൈകി വിവരം ലഭിക്കുമ്പോഴും ഇത്രയും നാണം കെട്ട ചതിയാണ് അതിനു പിന്നിലെന്ന് ആരും കരുതിയിരുന്നില്ല. താമസ സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് യാത്ര തിരിക്കാൻ വിമാനത്താവളത്തിൽ എത്തിയവർക്ക് വിമാനം യാത്ര നിർത്തി എന്ന വിവരം ഉൾകൊള്ളാൻ കഴിയുന്നതായിരുന്നില്ല. എന്നാൽ അതിലും വലിയ നാണക്കേട് ആയത് യാത്ര മുടങ്ങിയതിന്ന് പിന്നിലെ വസ്തുതകൾ അറിഞ്ഞപ്പോഴാണ്. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ പൗരന്മാര്‍ക്കു വേണ്ടി സൗജന്യ രക്ഷാ പ്രവർത്തനം നടത്തുകയാണെന്ന് അറിയിച്ച് ആനൂകൂല്യം നേടിയ ശേഷം യാത്രക്കാരോട് പണം വാങ്ങി യാത്ര സംഘടിപ്പിച്ച ഇന്ത്യന്‍ അധികൃതരുടെ നിലപാടാണ് വിദേശ വിമാനത്താവള അധികൃതരെ ചൊടിപ്പിച്ചത്. 15 ഗര്‍ഭിണികളുള്‍പ്പെടെ 181 യാത്രക്കാര്‍ക്കാണ് ഇതിന്റെ പേരിൽ അവസാന നിമിഷം ഖത്തറിൽ യാത്ര മുടങ്ങിയത്.
വന്ദേഭാരത് എന്നൊക്കെ കൊട്ടിഘോഷിച്ചു നടത്തുന്ന സേവന ദൗത്യമാണ് വിമാന സർവീസ് എന്ന് ധരിപ്പിച്ചാണ് എയർ ഇന്ത്യയും ഭാരത സർക്കാരും അറബ് ദേശത്തെ വിമാനത്താവളങ്ങളിൽ നിന്നും ആനുകൂല്യങ്ങളും അനുമതിയും സ്വന്തമാക്കിയത്. എന്നാൽ സേവനമെന്ന പുകമറ സൃഷ്ട്ടിച്ചു ചൂഷണമാണ് നടക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ ആണ് ഈ നിലക്ക് വിമാനം പറത്താൻ അനുവദിക്കു കയില്ലെന്ന് അവർ അറിയിച്ചത്. വിവിധ രാജ്യങ്ങളിൽ അകപ്പെട്ടുപോയ ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടുവരികയാണെന്നും ഇത് രക്ഷാദൗത്യത്തിന്റെ ഭാഗമാണെന്നുമുള്ള അറിയിപ്പാണ് ഖത്തര്‍ ദോഹ ഹമദ് അന്താരാഷ്ടാ വിമാനത്താവള അധികൃതര്‍ക്ക് നേരത്തെ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം നല്‍കിയത്. സേവന ദൗത്യം എന്ന നിലക്ക് എയര്‍പോര്‍ട്ടിലെ ലാന്‍ഡിംഗ്, ഹാന്‍ഡ്‌ലിംഗ്, കൗണ്ടര്‍ ചാര്‍ജ്ജ് ഉള്‍പ്പെടെ നിരക്കുകള്‍ക്ക് വൻ കിഴിവ് നല്‍കുകയും ചെയ്തു. പക്ഷെ, കൊച്ചിയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടുകഴിഞ്ഞ ശേഷമാണ് യാത്രക്കാരോട് നിലവിലുള്ള ചാർജ്ജിനേക്കാൾ രണ്ടും മൂന്നും ഇരട്ടി പണം വാങ്ങിയാണ് യാത്ര അനുവദിക്കുന്നതെന്നും അതുകൊണ്ട് തന്നെ തങ്ങൾ നൽകുന്ന ആനുകൂല്യത്തിന് വിമാനക്കമ്പനിക്ക് അര്‍ഹതയില്ലെന്നും ദോഹ ഹമദ് വിമാനത്താവള അധികൃതര്‍ക്ക് ബോധ്യമായത്. യാതൊരുവിധ ആനൂകൂല്യത്തിനും അർഹതയില്ലെന്നും നല്‍കാനാവില്ലെന്നും വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും സാധാരണ പോലെ ഈടാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു. മാത്രവുമല്ല, ഈ നിലക്ക് എയര്‍ഇന്ത്യയെപ്പോലെ തന്നെ ഖത്തര്‍ എയര്‍വെയിസിനും സമാന സര്‍വ്വീസ് നടത്താന്‍ അന്തര്‍ദേശീയ വിമാന യാത്രാ മാനദണ്ഢപ്രകാരം അര്‍ഹതയുണ്ടെന്നും ഖത്തര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് തിരുവനന്തുപരത്തേക്കുള്ള രണ്ടാമത്തെ വിമാനം മുടങ്ങിയതെന്നറിയുന്നു.നേരത്തെ കുവൈറ്റ്‌ അടക്കമുള്ള രാജ്യങ്ങൾ സൗജന്യമായി തങ്ങളുടെ വിമാനത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്നു അറിയിച്ചപ്പോൾ ഇന്ത്യ ആ ദൗത്യം നിരസിക്കുകയായിരുന്നു. എയർ അറേബ്യ, ഇത്തിഹാദ് എയർ വെയ്‌സ് വിമാനക്കമ്പനികൾ കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് സർവീസ് നടത്താമെന്നും അറിയിച്ചിരുന്നു. ഇത്തരം ആനുകൂല്യങ്ങൾ എല്ലാം നിരസിച്ചു ഇന്ത്യക്കാരെ കൊള്ളയടിക്കാൻ എയർ ഇന്ത്യക്ക് അവസരം നൽകിയതിന്നെതിരെ അറബ് വിമാനത്താവള അധികൃതർ രംഗത്ത് വന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. യൂ എ ഇ, സൗദി, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും ഈ വിഷയത്തിൽ സമാന നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. അങ്ങിനെ വന്നാൽ കേന്ദ്ര നിലപാടിന്റെ മറ്റൊരു ദുരിതം കൂടി പ്രവാസികൾ അനുഭവിക്കേണ്ടി വരും.

അമ്മാർ കിഴുപറമ്പ് :

Leave a Reply