വൈറസ് പ്രതിസന്ധിയില്‍ മോദിയുടെ ശ്രമം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍

തങ്ങളുടെ പ്രത്യയശാസ്ത്ര രൂപീകരണത്തിലും അവ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും ഇന്ദിരാഗാന്ധി, നരേന്ദ്ര മോദി എന്നീ രണ്ട് ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളേക്കാള്‍ കൂടുതല്‍ എതിര്‍പ്പ് നേരിട്ടവരുണ്ടാവില്ല. ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടാണ് ഒരാള്‍ രംഗപ്രവേശം ചെയ്തതെങ്കില്‍ സാമൂഹ്യ-സാമ്പത്തിക ആനുകൂല്യങ്ങളുടെ ബലത്തിലാണ് മറ്റയാള്‍ വളര്‍ന്നത്. ആര്‍.എസ്.എസിലെ നീണ്ടകാല പ്രവര്‍ത്തനത്തിലൂടെയാണ് മോദിയുടെ കാഴ്ച്ചപ്പാടുകള്‍ രൂപപ്പെട്ടതെങ്കില്‍ ആര്‍.എസ്.എസിനെ വെറുത്ത ഒരു പിതാവിനാല്‍ സ്വാധീനം ചെലുത്തപ്പെട്ടവളാണ് മറ്റേത്. കൂട്ടുകുടുംബങ്ങളില്ലാത്തതാണ് ഒരാളെങ്കില്‍, മക്കളും പേരമക്കളും ഉള്ളവളാണ് മറ്റയാള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പടിപടിയായി രംഗപ്രവേശം ചെയ്തതാണ് ഒരാളെങ്കില്‍ ജന്മനാ ഉന്നത സ്ഥാനം കരസ്ഥമാക്കിയവളാണ് മറ്റയാള്‍.

ഇവര്‍ക്കിടയില്‍ ഇത്തരം വലിയ വിത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ എന്തൊക്കെയോ ചില സാമ്യതകള്‍ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. 2013 ഫെബ്രുവരിയില്‍ ഹിന്ദുവില്‍ ഞാന്‍ എഴുതി: ‘ നരേന്ദ്രമോദിയുടെ അനുകൂലികളോ പ്രതികൂലികളോ ഇഷ്ടപ്പെടില്ലെങ്കിലും, ഇതുവരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഏറ്റവും കൂടുതല്‍ സാമ്യത പുലര്‍ത്തുന്നത് 1971-77 കാലത്തെ ഇന്ദിരാഗാന്ധിയോടാണ്. ഇന്ദിരാഗാന്ധി ഒരിക്കല്‍ ചെയതത് പോലെ, മോദി, സ്വന്തം പാര്‍ട്ടി, സര്‍ക്കാര്‍, ഭരണം, രാജ്യം എന്നിവയെ സ്വന്തം വ്യക്തിപ്രഭാവം വളര്‍ത്താനായി ഉപയോഗപ്പെടുത്തുന്നു.’ ഈ ലേഖനം പ്രസിദ്ധകരിക്കപ്പെട്ട സമയം ഗുജറാത്ത് മുഖ്യമന്ത്രിയുടെ ദേശീയ താല്‍പര്യങ്ങള്‍ വെളിപ്പെട്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പതിനഞ്ച് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടി 1984 ന് ശേഷം സ്വന്തമായി ഭൂരിപക്ഷം നേടുന്ന ആദ്യ പാര്‍ട്ടിയായി ഭരണത്തിലേറി. മോദി ഭരണത്തിലേറിയെ ആദ്യ മാസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മോദിയും ഇന്ദിരയും തമ്മിലുള്ള സാമ്യതകളെ ഉറപ്പ് വരുത്താന്‍ ഉതകുന്നതായിരുന്നു. ഇന്ദിര ഒരിക്കല്‍ ചെയ്ത പോലെ, സ്വന്തം പാര്‍ട്ടിയിലെ മറ്റു നേതാക്കളെ തരം താഴ്ത്തി കാണിച്ചു, മാധ്യമങ്ങളെ സ്വന്തം നിയന്ത്രണത്തിലാക്കി, സിവില്‍ സെര്‍വെന്റുമാരെയും, നയതന്ത്രജ്ഞരെയും അന്വേഷണ ഉദ്യോഗസ്ഥരെയും തന്റെ രാഷ്ട്രീയായുധങ്ങളാക്കി മാറ്റി. അവ തന്റെ വ്യക്തിപ്രഭാവം തെളിയിക്കാനുള്ള ആയുധങ്ങളാക്കി.

നരേന്ദ്രമോദി അധികാരത്തിലേറി മാസങ്ങള്‍ക്കകം തന്നെ ഇന്ദിരാഗാന്ധിയുമായി അദ്ദേഹത്തെ താരതമ്യം ചെയ്ത് ഒരുപാടാളുകള്‍ രംഗത്ത് വന്നിരുന്നു. ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’, ‘ഫാഷിസത്തിന്റെ വ്യാപനം’ എന്നിങ്ങനെയൊക്കെ സംസാരങ്ങളുമുണ്ടായിരുന്നു. പ്രധാനമന്തിയുടെ കേന്ദ്രീകരണത്തെ കുറിച്ച് എനിക്ക് ധാരണകള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും 2014-ലെ ഇന്ത്യ 1975-ലെ ഇന്ത്യയില്‍ നിന്ന് എങ്ങനെ വിത്യസ്തമായിരിക്കുന്നു എന്ന് കണ്ടെത്താന്‍ എന്നിലെ ചരിത്രകാരന്‍ ശ്രമിച്ചു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്രത്തിലെന്ന പോലെ തമിഴ്‌നാട് അല്ലാത്ത എല്ലാ സംസ്ഥാനങ്ങളുടെയും ഭരണം കോണ്‍ഗ്രസിന്റെ- സ്വന്തമായോ, സഖ്യകക്ഷി സര്‍ക്കാരില്‍ പങ്കാളികളായോ – കൈപിടിയിലായിരുന്നു. നേരെ മറിച്ച് നരേന്ദ്രമോദി അധികാരത്തിലേറിയപ്പോള്‍ മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ശക്തിയില്ലായിരുന്നു. അത് കൊണ്ട് തന്നെ സമ്പൂര്‍ണ സ്വോച്ഛാധിപത്യത്തില്‍ നിന്നുള്ള സംരക്ഷകണ കവചമായി ഫെഡറല്‍ സംവിധാനം മാറും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് ചില പ്രധാന സംസ്ഥാനങ്ങളില്‍ ബി.ജെ.പി തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും മറ്റു ചില സംസ്ഥാനങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. 2019 ലെ രണ്ടാം മോദി സര്‍ക്കാര്‍ അധികാരാരോഹണത്തിന് ശേഷം അത്ര എളുപ്പം സംസ്ഥാനങ്ങളില്‍ ഭരണത്തിലേറാന്‍ ബി.ജെ.പിക്കായില്ല. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവ ഉദാഹരണം.

സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യ സംരക്ഷണത്തിന് ഏറെ സഹായകമാവും എന്ന വിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് തന്നെ വിരുദ്ധമായ വിവേചനപരമായ നിയമത്തിനെതിരെ വലിയ വിഭാഗം ജനം എതിര്‍പ്പ് രേഖപ്പെടുത്തി. ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നിയമത്തിനെതിരെ രംഗത്ത് വന്നു. നിലവിലെ സ്ഥിതി മുമ്പുണ്ടായിരുന്നതില്‍ നിന്നും വിത്യസ്തമാണ് എന്ന ധാരണക്ക് ഇത് ബലമേകി. ഇന്ദിരാഗാന്ധിക്ക് താന്‍ ഇച്ഛിച്ചത് ചെയ്യാന്‍ സാധിച്ചത് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അവരുടെ പാര്‍ട്ടി ഭരിച്ചിരുന്നത് കൊണ്ട് മാത്രമാണ്. ( അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മാസങ്ങള്‍ക്കകം തമിഴ്‌നാട്ടിലെ ഡി.എം.കെ. സര്‍ക്കാറിനെ പിരിച്ച് വിട്ടിരുന്നു.)

എന്നാല്‍, കോവിഡ് മഹാമാരി കാര്യങ്ങളെയെല്ലാം മാറ്റി മറിച്ചു. മോദി സര്‍ക്കാര്‍ ഫെഡറല്‍ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താനും അതുവഴി കേന്ദ്രത്തിന്റെ അധികാരം ശക്തിപ്പെടുത്താനുമുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തി. ഈ ഒരു ലക്ഷ്യസാക്ഷാത്കാരത്തിന് വ്യത്യസ്തമായ മാര്‍ഗങ്ങള്‍ അവര്‍ ഉപയോഗിച്ചു. അവയില്‍ ചിലത്:

  1. ജി.എസ്.ടി തുകയില്‍ സംസ്ഥാനങ്ങളുടെ വിഹിതം നല്‍കുന്നത് നീട്ടിവെച്ചു. 30,000 കോടി വരുന്ന ഈ ഫണ്ട് കൃത്യമായി നല്‍കിയാല്‍ കോവിഡ് സൃഷ്ടിച്ച വിപത്തിന്റെ തീവ്രത കുറക്കാന്‍ സംസ്ഥാനങ്ങള്‍ക്കാകും.
  2. പി.എം. കെയര്‍ എന്ന പേരില്‍ പുതുതായി ഫണ്ട് തുടങ്ങി. ഏറെ വിവേചനപരമായ ഈ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഭാഗധേയം ലഭിക്കില്ല. ഈ ഫണ്ട് വഴി പ്രധാനമന്ത്രിക്ക് ആയിരകണക്കിന് കോടി രൂപ സ്വന്തം ഇഷ്ടപ്രകാരം നീക്കിവെക്കാനുള്ള അധികാരം നല്‍കുന്നു. ഈ ഫണ്ടിന്റെ പ്രവര്‍ത്തനങ്ങളെല്ലാം രഹസ്യമാണ്.
  3. എം.പി. ഫണ്ട് റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് കേന്ദ്രീകരണ ശ്രമത്തിന്റെ ഭാഗമാണ്. സ്വന്തം മണ്ഡലത്തില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ എം.പി മാര്‍ക്ക് ഫണ്ട് ഇല്ലാത്ത അവസ്ഥയാണ് ഇതുമൂലം ഉണ്ടായിത്തീര്‍ന്നത്
  4. ബി.ജെ.പിയിതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തിന് തുരങ്കം വെക്കും വിധമുള്ള ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനങ്ങളും ഇതില്‍ പെടും. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയുടെ നാമനിര്‍ദേശം സ്വീകരിക്കുന്നതില്‍ പോലും അമാന്തം കാണിക്കല്‍, ബംഗാള്‍ ഗവര്‍ണര്‍ അവിടുത്തെ മുഖ്യമന്ത്രിക്കെതിരെ ഉപയോഗിച്ച ‘അസാധാരണ പ്രയോഗം’ ( ബംഗാളില്‍ കൊറോണയെ നേരിടുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന കാര്യം ജനങ്ങളുടെ ശ്രദ്ധയില്‍ പെടാതിരിക്കാനാണ് നിന്റെ പ്രവര്‍ത്തനങ്ങളെല്ലാം എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. ന്യൂനപക്ഷത്തെ തൃപ്തിപെടുത്താനുള്ള നിന്റെ ശ്രമം വ്യക്തവും കുഴപ്പം പിടിച്ചതുമാണ്) എന്നിവ ഉദാഹരണം. ഇത് ഒരിക്കലും ഗവണര്‍മാര്‍ സ്വയം ഇഷ്ടപ്രകാരം ചെയ്യുന്നതാവില്ല, ഇവയൊക്കെ തന്നെയും തങ്ങള്‍ക്ക് ഭരണപങ്കാളിത്വമില്ലാത്ത രണ്ട് സംസ്ഥാനങ്ങളിലും പക്ഷപാതിത്വ അജണ്ഡ നടപ്പാക്കാനുള്ള ബി.ജെ.പി ഹൈക്കമാഡിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. ഈ പട്ടിക ( ഇവ ഉദാഹരണം മാത്രം, എല്ലാം ഉള്‍കൊണ്ടിട്ടുണ്ട് എന്ന് അര്‍ത്ഥമില്ല) പറയുന്നത് സംസ്ഥാനങ്ങളെ തങ്ങളുടെ അജണ്ഡകള്‍ക്കനുസരിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള മനപുര്‍വ്വമായ ശ്രമം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട് എന്നതാണ്. കോവിഡ് മഹാമാരി കാലത്ത്് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിനൊപ്പം തന്നെ പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവം ഉയര്‍ത്തി കാട്ടാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ദുരദര്‍ശന്‍, മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍, പാര്‍ട്ടിയുടെ ഐ.ടി സെല്‍ എന്നിവ ഒക്കെ തന്നെയും രാജ്യത്തെ രക്ഷിക്കാന്‍ മോദിക്കേ ആവൂ എന്ന് ആവുന്നത്ര സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. 2002 ന് മുമ്പും ശേഷവും ഒരുപാട് തവണ ഗുജറാത്ത് സന്ദര്‍ശിച്ച ഒരു വ്യക്തി എന്ന നിലക്ക് മോദിയുടെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് എനിക്ക് മിഥ്യാ ധാരണകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എല്ലാത്തിനെയും ഉള്‍കൊള്ളാനാവുന്ന, ഒരേ രീതിയില്‍ പെരുമാറാനാവുന്ന തുറന്ന മനസ്സുള്ള, വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുന്ന നമ്മുടെ രാജ്യത്തിന് പറ്റിയ ഒരു നേതാവല്ല അദ്ദേഹം എന്ന് എനിക്കറിയാമായിരുന്നു. സ്വന്തം സംസ്ഥാനം, ഉദ്യോഗസ്ഥര്‍, കാബിനറ്റ്, പാര്‍ട്ടി എന്നിവ എല്ലാം സ്വന്തം നിയന്ത്രണത്തിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെയാണ് സ്വോച്ഛാധിപതിയായ ഇന്ദിരയുമായി ഞാനദ്ദേഹത്തെ 2013 ഫെബ്രുവരിയില്‍ താരതമ്യം ചെയ്യുന്നത്. എങ്കിലും പ്രധാനമന്ത്രിയായാല്‍ എല്ലാം തന്നില്‍ കേന്ദ്രീകരിക്കാനുള്ള താല്‍പര്യം ഒഴിവാക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകും എന്ന് ഞാന്‍ വിശ്വസിച്ചു. നിലവിലെ വൈറസ് പ്രതിസന്ധി മൂലം ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലമാക്കാനുള്ള തുറന്ന അവസരമാണ് മോദിക്ക് ലഭിച്ചിരിക്കുന്നത്. അവരെ വിജയിക്കാന്‍ അനുവദിച്ചു കൂടാ. സംസ്ഥാനങ്ങള്‍ ആകും വിധം ഇതിന് തടയിടാന്‍ ശ്രമിക്കേണ്ടതുണ്ട്.

Article by Ramachandra Guha
translation Salahudheen Ayoobi Maithra

Leave a Reply