വിദേശ രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുവരാനുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിന് തുടക്കംകുറിച്ചു കൊണ്ട് അബൂദാബി, ദുബൈ എന്നിവിടങ്ങളില്‍ യാത്രക്കാരെ വഹിച്ചുകൊണ്ട് വിമാനങ്ങള്‍ കേരളത്തില്‍ പറന്നിറങ്ങി. അബൂദാബിയില്‍ നിന്നുള്ള വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 10:08 – നാണ് ലാന്‍ഡ് ചെയ്തത്. നാല് കുട്ടികളും 49 ഗര്‍ഭിണികളുമടക്കം 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 177 യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം രാത്രി 10:32 ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലാന്‍ഡ് ചെയ്തു.
കോവിഡ് പ്രോട്ടോക്കോളും സുരക്ഷാ മുന്‍കരുതലുകളും പാലിച്ചുകൊണ്ടാണ് യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കിയത്. മടങ്ങിവന്നവര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ക്വാറന്റൈന് കേന്ദ്രങ്ങളില്‍ ഏഴ് ദിവസം കഴിയല്‍ നിര്‍ബന്ധമാണ്. ഏഴ് ദിവസത്തിന് ശേഷമാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുക. രോഗ ലക്ഷണങ്ങളില്ലെങ്കിലും ക്വാറന്റൈന് കേന്ദ്രങ്ങളില്‍ നിന്ന് മടങ്ങിയാല്‍ ഏഴ് ദിവസം വീട്ടിലും നിരീക്ഷണത്തില്‍ കഴിയണം.