സഹജീവികളോടുള്ള സ്നേഹവും കരുതലുമാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഖ മുദ്ര – മന്ത്രി ഡോ. കെ.ടി ജലീല്‍

ഈ ദുരന്തകാലത്ത് സഹജീവികള്‍ക്ക് ഇത്രയേറെ കരുതലും സ്നേഹവും നല്‍കിയത് കേരള സര്‍ക്കാരും സംസ്ഥാനവും മാത്രമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. കേരളത്തിന് സമാനമായി രോഗികളോടും അവരുടെ ബന്ധുക്കളോടും ലോക്ഡൗണ്‍ മൂലം ദുരിതത്തിലായിപ്പോയ പാവങ്ങളോടും സാധ്യമായ സഹായങ്ങളെല്ലാം നമുക്ക് ചെയ്യാനായി. ഇത്തരത്തില്‍ തികഞ്ഞ കരുതലോടെ പ്രവര്‍ത്തിച്ച ഒരു സംസ്ഥാനവും ഇന്ത്യയിലില്ലെന്നും മന്ത്രി പറഞ്ഞു. എത്ര പ്രവാസികള്‍ മടങ്ങിയെത്തിയാലും അവര്‍ക്കെല്ലാം നിരീക്ഷണത്തില്‍ കഴിയുന്നതിനാവശ്യമായ സംവിധാനം മലപ്പുറം ജില്ലയില്‍ സജ്ജമാക്കിയതായും മന്ത്രി. പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കോവിഡ് കെയര്‍ സെന്ററുകളിലും വിമാനത്താവളത്തിലും പ്രവാസികള്‍ക്കായി എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ശുചിമുറി സംവിധാനത്തോടു കൂടിയ മുറികളാണ് ഓരോരുത്തര്‍ക്കും നല്‍കുന്നതെന്നും രോഗം പകരാനുള്ള ചെറിയ സാധ്യതപോലും അവശേഷിക്കാത്ത രീതിയിലാണ് കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളത്തിലും നിരീക്ഷണ കേന്ദ്രങ്ങളിലും ഇതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply