വിശാഖപട്ടണത്തിനടുത്തുള്ള ഗോപാലപട്ടണം എന്ന പ്രദേശത്ത് വിഷ വാതക ചോര്‍ച്ച. ലോക്ഡൗണ്‍ മൂലം അടച്ചിട്ട എല്‍.ജി പോളിമേഴ്സ് എന്ന സ്ഥാപനത്തിലാണ് വിഷ വാതക ചോര്‍ച്ച സംഭവിച്ചത്. സെറീന് എന്ന വിഷ വാതകമാണ് ചോര്‍ന്നിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചോര്‍ച്ചയെ തുടര്‍ന്ന് ഒമ്പത് പേര് മരിക്കുകയും ആയിരത്തോളം പേര് രോഗ ബാധിതരാവുകയും ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ആളുകള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ് ഗോപാല പട്ടണം. ആയതിനാല്‍ തന്നെ മരണ സംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ട്.
വിശാഖപട്ടണത്തുള്ളവരുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഭോപ്പാല്‍ വാതക ചോര്‍ച്ചയോട് സമാനമായ സാഹചര്യങ്ങളാണ് വിശാഖപട്ടണത്തുണ്ടായത്. ലോക്ഡൗണ്‍ മൂലം അടച്ചിട്ട ഫാക്ടറി കൂടുതല്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ പ്രവര്‍ത്തനമാരംഭിച്ചതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍.