യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും, ഒപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരെ കൊണ്ടുപോകുന്നത് നാളെ ആരംഭിക്കും.12 രാജ്യങ്ങളില്‍ നിന്നായി ആദ്യ ആഴ്ചയില്‍ 14,800 പേർ ഇന്ത്യയിലേക്ക് എത്തും. ഏഴാം തിയതി മുതല്‍ 13 ആം തിയതി വരെ യുഎഇയില്‍ നിന്ന്, 2000 പേരാണ് മടങ്ങുക. കൊച്ചിയിലേക്ക് രണ്ട് തവണയും കോഴിക്കോട്ടേക്ക് ഒരു തവണയുമാണ് ഈയാഴ്ചയില്‍ വിമാനമുളളത്. ആരോഗ്യപരിശോധന നടത്തിയതിനുശേഷമാകും, യുഎഇയില്‍ നിന്നും വിമാനത്തിലേക്ക് പോകാന്‍ അനുവദിക്കുക.
ഗർഭിണികള്‍, തൊഴില്‍ നഷ്ടമായവർ, വിസ അവസാനിച്ചവർ, രോഗികള്‍ എന്നിങ്ങനെയുളളവർക്കാണ് മുന്‍ഗണന നല്കി ആദ്യഘട്ടത്തില്‍, കൊണ്ടുപോകുന്നത്.
13,000 മുതല്‍ 15,000 വരെയാണ് ടിക്കറ്റ് ചാർജ്ജ്. നാട്ടിലെത്തിയാല്‍ സർക്കാർ ഒരുക്കുന്ന ക്വാറന്റൈന് സെന്ററുകളില്‍ 14 ദിവസം തങ്ങണമെന്നാണ് കേന്ദ്രനിർദ്ദേശം. സംസ്ഥാന സർക്കാരും ഇതിനനുസരിച്ചുളള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ്. യാത്രചെയ്യുന്നവർക്ക്, മാസ്കും, സാനിറ്റൈസറുമുളള കിറ്റ് നല്‍കും. സ്വന്തം ഉത്തരവാദിത്തത്തിലാണ് യാത്രയെന്ന് ഉറപ്പ് നല്‍കണം. ഇറങ്ങുന്ന വിമാനത്താവളത്തിലും ആരോഗ്യപരിശോധനയുണ്ടാകും. രോഗലക്ഷണങ്ങള്‍ ഉളളവരെ ആശുപത്രിയിലേക്ക് മാറ്റും. ഇനിയൊരു പ്രധാനപ്പെട്ട കാര്യം കൂടി. ആദ്യഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങുന്നവരുടെ ചെറിയ വീഴ്ചപോലും, ഇനി മടങ്ങാന്‍ കാത്തിരിക്കുന്നവരുടെ യാത്രയ്ക്ക് തടസ്സമായേക്കാം. അതോർമ്മിക്കണം.
അതേസമയം, ജോലി നഷ്ടപ്പെട്ട്, ടിക്കറ്റിന് പണമില്ലാതെ നാട്ടിലേക്ക് പോകാന്‍ വഴിയില്ലാതായും, നിരവധി പ്രവാസികളുണ്ട്. ഇവരുടെയൊക്കെ കാര്യത്തില്‍ മാനുഷിക പരിഗണനവേണമെന്ന ആവശ്യവും ശക്തമാവുകയാണ്