മൂന്നാം ഘട്ടം: അറുപതിനായിരം കിലോ അരിയെത്തിക്കുന്നു പ്രവാസികൾക്കൊപ്പം സൗദി കെഎംസിസി

റിയാദ് : കോവിഡ് പ്രതിസന്ധിയിൽ കഴിയുന്ന സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിനിടയിൽ കെഎംസിസി വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന നാല്പതോളം സെൻട്രൽ കമ്മിറ്റികളാണ് കോവിഡ് കാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കർഫ്യൂ മൂലം താമസകേന്ദ്രങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്കിടയിലേക്ക് ഇതേവരെ രണ്ട് ഘട്ടങ്ങളിലായി ഇരുപതിനായിരത്തിലധികം ഭക്ഷണ കിറ്റുകൾ എത്തിച്ചു നൽകി. മൂന്നാം ഘട്ടത്തിലേക്കുള്ള സെൻട്രൽ കമ്മിറ്റികളുടെ ഭക്ഷണ കിറ്റുകൾ ഒരുക്കാൻ വേണ്ടി അറുപതിനായിരം കിലോ അരി കെഎംസിസി നാഷണൽ കമ്മിറ്റി വിവിധ സെൻട്രൽ കമ്മിറ്റികൾക്ക് ഈയാഴ്ച നൽകും. കൂടാതെ അത്യാവശ്യമായ മറ്റു നിത്യോപയോഗ സാധനങ്ങളും നൽകുന്നുണ്ട് . ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് ഒരുക്കുന്ന കിറ്റുകളിലേക്കാണ് അരിവിതരണം. ഭക്ഷണ കിറ്റുകൾക്കായി വ്യാപകമായി ആവശ്യം ഉയർന്ന സാഹചര്യത്തിൽ കഴിയാവുന്നത് എത്തിക്കാൻ തന്നെയാണ് കെഎംസിസിയുടെ ശ്രമമെന്ന് നാഷണൽ പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി, വർക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് ജനറൽ സെക്രട്ടറി ഖാദർ ചെങ്കള ട്രഷറർ കുഞ്ഞിമോൻ കാക്കിയ എന്നിവർ അറിയിച്ചു .

കോവിഡ് പ്രതിസന്ധി തുടങ്ങിയ ശേഷം കെഎംസിസി നടത്തിയ വിപുലമായ പ്രവർത്തനങ്ങൾ രാജ്യത്തെ ഒട്ടേറെ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായി. ദേശീയ തലത്തിൽ ഹെല്പ് ഡെസ്ക്കുണ്ടാക്കി പ്രവർത്തനങ്ങൾ ആരംഭിച്ച സൗദി കെഎംസിസി രാജ്യത്തെ എല്ലാ ഘടകങ്ങളെയും കോർത്തിണക്കി വാർ ഗ്രൂപ്പുണ്ടാക്കി പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു. വിവിധ സെൻട്രൽ കമ്മിറ്റികളിലും ഹെൽപ്‌ഡെസ്‌ക്കുകൾ വിപുലമായ സംവിധാനങ്ങളോടെ കർമ്മ നിരതരായി. നൂറുകണക്കിന്ന് വളണ്ടീയർമാരാണ് സേവന പ്രവർത്തനങ്ങളിൽ രാജ്യമൊട്ടുക്കും കൈകോർത്തത്. സെൻട്രൽ കമ്മിറ്റികൾ , ഏരിയ കമ്മിറ്റികൾ , ജില്ലാ മണ്ഡലം പഞ്ചായത്ത് കമ്മിറ്റികൾ തുടങ്ങി വിവിധ ഘടകങ്ങളുടെ നേതാക്കളും പ്രവർത്തകരുമാണ് സേവനങ്ങൾക്ക് നേതൃത്വം നൽകിയത്. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാര പ്രമുഖരുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് വരുന്നത്

കോവിഡ് രോഗ ലക്ഷങ്ങൾ കണ്ടെത്തിയവർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി വരുന്നു. ആശുപത്രിയിലേക്കെത്തിക്കാനും ആംബുലൻസുകൾ ലഭ്യമാക്കാനും നിയമ പരിധിയിൽ നിന്നുകൊണ്ടുള്ള പരമാവധി സഹായങ്ങൾ നൽകുന്നുണ്ട് . കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെയും വിശിഷ്യാ മലയാളികളുടെയും മൃതദേഹങ്ങൾ കാലതാമസം കൂടാതെ നിയമനടപടികൾ പൂർത്തിയാക്കി വിവിധ ഭാഗങ്ങളിൽ ഖബറടക്കം നടത്തി. മക്ക , മദീന , ജിദ്ദ , റിയാദ് , ബുറൈദ തുടങ്ങിയ ഭാഗങ്ങളിലെല്ലാം മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട രേഖകൾ പൂർത്തിയാക്കി മയ്യത്ത് മറവ് ചെയ്യാൻ കെഎംസിസി നേതൃത്വം നൽകി . കോവിഡ് ഭീതിയിൽ പെട്ട് മറ്റു രോഗങ്ങൾ കണ്ടെത്തിയവരെ ആസ്പത്രികളിലേക്ക് എത്തിച്ച് ചികിത്സ നൽകേണ്ടവർക്ക് അങ്ങിനെയും ഡോക്ടർമാരെ ഓൺലൈനിൽ ഏർപ്പാടാക്കി പരിശോധനക്ക് ശേഷം മരുന്നുകൾ എത്തിച്ചു നൽകുകയും ചെയ്തു. ക്രോണിക് അസുഖങ്ങൾക്ക് നാട്ടിലെ ഡോക്ടർമാർ എഴുതിയ മരുന്നുകൾ കഴിക്കുന്നവർക്ക് ഇവിടെ പകരം മരുന്ന് കണ്ടെത്തി നൽകാൻ കഴിയുന്നത് എത്തിച്ചു നൽകുന്നു . ഓരോ കമ്മിറ്റികളിലും പ്രത്യേക മെഡിക്കൽ വിങ്ങുകളാണ് ഇതിന് നേതൃത്വം നൽകുന്നത് .

പ്രവാസികളുടെ വിവിധ ആരോഗ്യ വിഷയങ്ങളിൽ സൗദിയിലും നാട്ടിലുമുള്ള ഡോക്ടർമാരുടെ പാനൽ ഇടപെടുകയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്തു. പ്രതിസന്ധിയിൽ മാനസികമായി തളർന്നവർക്ക് പ്രത്യേക സംവിധാങ്ങളൊരുക്കി കൗൺസിലിംഗ് നടത്താൻ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയും സഹകരിച്ചിരുന്നു. വിവിധ ഭാഗങ്ങളിൽ അപകടകരമായ വിധത്തിൽ ലേബർ ക്യാമ്പുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ ഇന്ത്യൻ എംബസിക്ക് യഥാസമയത്ത് അറിയിക്കാൻ ഹെൽപ്‌ഡെസ്കുകൾ ജാഗ്രത പാലിക്കുന്നു. ക്യാമ്പുകളിൽ കൈക്കൊള്ളേണ്ട ആരോഗ്യ ശുചിത്വത്തെ കുറിച്ചും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങളെ കുറിച്ചും കെഎംസിസിയുടെ വിവിധ ഘടകങ്ങൾ ബോധവത്കരണ പ്രവർത്തനങ്ങൾ സജീവമായി നടത്തിയിരുന്നു. സോഷ്യൽ മീഡിയ വഴി പ്രഗത്ഭരായവരെ പങ്കെടുപ്പിച്ച് പലേടങ്ങളിലും കൗൺസിൽ ക്ളാസുകൾ നടത്തി വരുന്നു . നിയമപരമായ വിഷയങ്ങളിൽ പെട്ട കഴിയുന്നവർക്ക് ഓരോ ഭാഗങ്ങളിലും നിയമ സഹായ സെല്ലും പ്രവർത്തിച്ചു വരുന്നു.

Leave a Reply