കോവിഡ് 19 സ്റ്റെം സെല്‍ ചികിത്സാരീതി, ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവുമായി ദുബായ് ഭരണാധികാരികള്‍

കോവിഡ് 19 ചികിത്സയില്‍ സുപ്രധാന നേട്ടം സ്വന്തമാക്കിയ യുഎഇയിലെ ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവുമായി ഭരണാധികാരികള്‍. യുഎഇ പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ എന്നിവരാണ് സുപ്രധാന നേട്ടം സ്വന്തമാക്കിയ ആരോഗ്യപ്രവർത്തരെ അഭിനന്ദിച്ചത്. അബുദബിയിലെ സ്റ്റെം സെല്‍ സെന്‍ററിലെ ഗവേഷകരാണ് സ്റ്റെം സെല്‍ ചികിത്സ വികസിപ്പിച്ചെടുത്തത്. ഗവേഷകരും ഡോക്ടമാരുമാണ് വിദഗ്ധസംഘത്തിലുളളത്. കോറോണ ബാധിതരുടെ രക്തത്തില്‍ നിന്നുമെടുത്ത, മൂലകോശത്തില്‍ പരീക്ഷണം നടത്തി, തിരിച്ച് ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്നതാണ് ചികിത്സാ രീതി. 73 രോഗികളില്‍ വിജയകരമായി പരീക്ഷണം നടത്തിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്, യുഎഇ പ്രതിജ്ഞാ ബന്ധമാണെന്നും, ഭരണാധികാരികള്‍ പറഞ്ഞു. ചികിത്സ രീതിയിലൂടെ രോഗ പ്രതിരോധം ക്രമീകരിക്കുകയും, ശ്വാസകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ചുളള ചികിത്സ വികസിപ്പിക്കുന്നതിന് യുഎഇ സാമ്പത്തിക മന്ത്രാലയം പേറ്റന്‍റ് നല്‍കി. ചികിത്സയുടെ ഫലപ്രാപ്തി തെളിയിക്കുന്നതിനുളള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചക്കുളളില്‍ ഇത് പൂർത്തിയാകും. പരീക്ഷണം നടത്തുന്ന രോഗികള്‍ക്ക് നിലവിലുളള പ്രോട്ടോക്കോള്‍ അനുസരിച്ചുളള ചികിത്സയും ലഭ്യമാക്കുന്നുണ്ട്.

Leave a Reply