പിടിതരാതെ കോവിഡ് : ഇന്നലെ മാത്രം മരിച്ചത് 5624 പേര്‍

കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിനാല് ലക്ഷത്തോടടുത്തു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 94552 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1080101 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഇന്നലെ മാത്രം 5624 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ മാത്രം 1897 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ അമേരിക്കയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആകെ എണ്ണം 65753 ആയി. ഇന്നലെ മാത്രം 36007 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ ആകെ കോവിഡ് ബാധിതരുടെ പന്ത്രണ്ട് ലക്ഷത്തോടടുത്തു.

ബ്രിട്ടനില്‍ മരണ നിരക്ക് വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം 739 പേര്‍ മരിച്ചു. ബ്രിട്ടനില്‍ ആകെ മരിച്ചവരുടെ എണ്ണം 27510 ആയി. കോവിഡ് മരണ നിരക്കില്‍ ബ്രിട്ടന്‍ സ്‌പെയിനിനെ മറികടന്നു. 6201 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. സ്‌പെയിനില്‍ 281 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 24824 ആയി. സ്‌പെയിനില്‍ മരണ നിരക്ക് കുറയുകയാണ്. ഇറ്റലിയില്‍ 269 പേരും ഫ്രാന്‍സില്‍ 218 പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 28236 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ മരണ സംഖ്യ 24000 കവിഞ്ഞു. അമേരിക്ക കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് റഷ്യയിലാണ്. ഇന്നലെ മാത്രം 7933 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply