എൻ്റെ പുത്തൂരേ എന്ന വിളി ഇനിയില്ല. കണ്ണു നനയിക്കുന്ന ഒരു ഓർമ്മക്കുറിപ്പ്

‘എന്റെ പുത്തൂരേ’ എന്ന അബുദാബിയിൽ നിന്നുള്ള വിളി ഇനി ഞാൻ കേൾക്കുകില്ല.

കരീം ഹാജി എന്റെ ഹബീബായിരുന്നു. എന്നെയും അദ്ദേഹത്തിന് ഒത്തിരി ഇഷ്ടമായിരുന്നു. ചില സ്നേഹബന്ധങ്ങൾ നമ്മെ ശ്രദ്ധിക്കുക മാത്രമല്ല, നമ്മെ ഗുണദോശിക്കുകയും ചെയ്യും. ഗുണകാംക്ഷയുള്ള അത്തരം സുഹൃത്തുക്കൾ ജീവിതത്തിലെ ഭാഗ്യമാണ്. കരീം ഹാജി എനിക്ക് അത്തരമൊരു ആത്മമിത്രമായിരുന്നു. അബുദാബിയിൽ ഞാൻ ഏതെങ്കിലും യോഗത്തിനോ മറ്റോ വരുന്നുവെന്ന് അറിഞ്ഞാൽ കരീം ഹാജി ഉറപ്പായും വിളിക്കും. കരീം ഹാജി വിളിക്കുന്നുണ്ടല്ലൊ, അബുദാബിയിലെ പരിപാടി ഇന്നാണല്ലൊ എന്ന ഓർമ്മപ്പെടുത്തൽ പോലെയാവും ആ വിളി. പരിപാടിയിൽ പങ്കെടുക്കാൻ വരുന്നതു പറഞ്ഞാൽ ആ പരിപാടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പങ്കു വെക്കുകയും ചെയ്യും. ഈ മനുഷ്യൻ എന്തിനാണ് എന്നെ ഇങ്ങനെ കാര്യങ്ങൾ ധരിപ്പിക്കുന്നത് എന്നൊക്കെ ആദ്യം തോന്നിയിരുന്നു. പിന്നെപ്പിന്നെ സഹോദര തുല്യമായ ആ സ്നേഹം എന്നെ സ്പർശിച്ചു. ഉദാരമായ ഹൃദയമുള്ള സൗമ്യമായ സൗഹൃദം എന്നു കരീം ഹാജിയെ ഞാനും ആദരിച്ചു.

ഞങ്ങൾ ഒരുമിച്ചുള്ള സംഘടനയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയോ, സംഘടനാപ്രശ്നങ്ങളോ ജില്ലകൾക്കിടയിലെ അസ്വാരസ്യങ്ങളോ വ്യക്തികൾക്കിടയിലെ ഉരസലുകളോ, ഏതു കാര്യത്തിലും രമ്യതയുടെ ഒരു വഴി അദ്ദേഹത്തിനു ഉപദേശിക്കാനുണ്ടാകും. മധ്യസ്ഥതയുടെ
റോൾ ആയിരുന്നു അദ്ദേഹത്തിനിഷ്ടം, അദ്ദേഹത്തിന്റെ മധ്യസ്ഥ ശ്രമത്തിനിടയിൽ അവസാനം അബുദാബി കെ.എം.സി.സിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ തന്നെ നിയോഗിക്കേണ്ടി വന്ന ഒരു റിട്ടേർണിംഗ് ഓഫീസർ ആകേണ്ടി വന്നിട്ടുണ്ട് എനിക്കൊരിക്കൽ. അദ്ദേഹത്തെ എല്ലാവർക്കും ഇഷ്ടമായിരുന്നു.

നാലു പതിറ്റാണ്ടു കാലത്തെ ബന്ധം, അബുദാബി ഇസ്ലാമിക് സെന്ററിന്റെ പഴയ ഓഫീസിലെ ഒരു മുറിയിൽ അദ്ദേഹത്തെ ആദ്യമായി കണ്ടത് ഇപ്പോഴും ഓർമയുണ്ട്. 1984ഇൽ ആണെന്ന് തോന്നുന്നു അബുദാബി സുന്നി സെന്റർ ബഹുമാനപ്പെട്ട സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ആദ്യമായി അബുദാബിയിൽ സന്ദർശനം നടത്തുന്ന സമയം. ഞാൻ തങ്ങളെ കാണാനും ക്ഷണിക്കാനും സെന്ററിലെത്തി. തച്ചറാക്കൽ ഇബ്രാഹിം ഹാജിയും കരീം ഹാജിയുമടക്കമുള്ള ഒട്ടനവധി സുന്നി നേതാക്കളും പണ്ഡിതരും അവിടെയുണ്ട്. ആർക്കും എന്നെ പരിചയമില്ല. ഞാനാണെങ്കിൽ കയറിച്ചെന്നു തങ്ങളെ കെട്ടിപ്പിടിക്കുന്നു. ഇതാരാകും എന്ന മുഖഭാവത്തോടെ എല്ലാവരും എന്നെ തുറിച്ചു നോക്കുന്നു. തലയിൽ കെട്ടും താടിയുമുള്ള സീനിയറായ അവർക്കിടയിൽ ഒരു പയ്യൻ കാണിക്കുന്ന വികൃതിയായി അവർക്കു തോന്നിയിട്ടുണ്ടാവും. തങ്ങൾ അപ്പോഴാണ് അവിടെ ഉള്ളവരോട് എന്നെ പരിചയപ്പെടുത്തുന്നത്. ”നമ്മുടെ കുട്ടിയാണ് പുത്തൂർ റഹ്മാൻ. ഇവന്റെ പിതാവ് വലിയൊരു പണ്ഡിതനായിരുന്നു ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർക്കൊക്കെ ദർസ് നടത്തിയിട്ടുണ്ട്” അന്ന് മുതൽ തുടങ്ങിയ ബന്ധമായിരുന്നു കരീം ഹാജിക്ക് ഈയുള്ളവനോട് കാണിച്ച സ്നേഹം. അതൊരിക്കലും അറ്റുപോവാതെ ഞാനും സൂക്ഷിച്ചു. ശാന്തതയായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. അദ്ദേഹം കോപിക്കുന്നതും പ്രകോപിതനാകുന്നതും ഇന്നേ വരെ ഞാൻ കണ്ടിട്ടില്ല. ശിഹാബ് തങ്ങളുടെ സ്വഭാവ വിശേഷണങ്ങൾ അദ്ദേഹത്തിന് ചേരുമായിരുന്നു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ, അബുദാബി കെ.എം.സി.സി, സുന്നി സെന്റർ ,എം ഐ സി തുടങ്ങി ഒട്ടേറെ സംഘടനകളുടെ സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ അവസാനം വരെ നിറഞ്ഞു നിന്നിരുന്നയാളുമായ കരീം ഹാജിക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ്, ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ്, സുന്നി സെന്റർ വൈസ് പ്രസിഡന്റ്, ഖജാൻജി, എം‌.ഐ‌.സി പ്രസിഡന്റ് തുടങ്ങി അദ്ദേഹം വഹിച്ച സ്ഥാനങ്ങൾ അദ്ദേഹം സമൂഹത്തെയും ദീനിനെയും സേവിക്കാനുള്ള അവസരമാക്കി മാറ്റി. പരിശുദ്ധ റമദാനിൽ അദ്ദേഹം അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി. അള്ളാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാക്കട്ടെ. ആമീൻ.

Leave a Reply