കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കികൊണ്ടിരിക്കുന്ന ഡി.എ-യില്‍ നാല് ശതമാനം വര്‍ധനവ് വരുത്താന്‍ കേന്ദ്ര മന്ത്രിസഭ മാര്‍ച്ചില്‍ തിരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ നിലവിലെ സ്ഥിതി തുടരാന്‍ മാത്രമെ സാധിക്കുകയുള്ളുവെന്ന എന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെതിരെയാണ് മന്‍മോഹന്‍ സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.

ഈയൊരു ഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥരുടെ മേല്‍ ദുരിതം അടിച്ചേല്‍പ്പിക്കല്‍ അനാവശ്യമാണെന്ന് വിശ്വസിക്കുന്നതായി മന്‍മോഹന്‍ സിംഗ് പറഞ്ഞു. അലവന്‍സില്‍ നഷ്ടം നേരിടേണ്ടിവന്ന ജനങ്ങളുടെ കൂടെ നിലകൊള്ളുന്നതായും മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി അപക്വമാണെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അനാവശ്യ ചെലവുകള്‍ വരുത്തുന്ന നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറുകയാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പോലോത്തവയുടെ ചെലവ് വെട്ടിച്ചുരുക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ആവശ്യപ്പെട്ടു. മുബൈ- അഹ്മദാബാദ് പാതയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 5600 കോടി അനുവദിച്ചിരുന്നു.

അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ മാസം വരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അലവന്‍സില്‍ തല്‍സ്ഥിതി തുടരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. 37350 കോടി രൂപയുടെ അധിക വരുമാനമാണ് പുതിയ നടപടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Leave a Reply