വെസ്റ്റ് ബാങ്ക് അധീനപ്പെടുത്താനുള്ള ഇസ്രാഈല്‍ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയും യൂറോപ്യണ്‍ യൂണിയനും രംഗത്തെത്തി. ഇസ്രാഈല്‍ – ഫലസ്തീന് സംഘട്ടനം അവസാനിക്കാന്‍ അന്താരാഷ്ട്ര പിന്തുണയോടെ നടക്കുന്ന ദ്വി രാഷ്ട്ര പരിഹാര ചര്‍ച്ചകളെ തകിടം മറിക്കുന്നതാണ് ഇസ്രാഈലിന്റെ ഭാഗത്ത് നിന്നുള്ള ഈ നീക്കമെന്ന് ഐക്യരാഷ്ട്ര സഭയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധി നിക്കോളായ് മ്ലാഡ്നോവ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്ന് യൂറോപ്യന്‍ യൂണിയന് അധികൃതര്‍ വ്യക്തമാക്കി. ഫലസ്തീന് കീഴിലെ പ്രദേശങ്ങളില്‍ പരമാധികാരം സ്ഥാപിക്കാനുള്ള നീക്കത്തെ അംഗീകരിക്കാനാവില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഈയിടെ ഇസ്രാഈലില്‍ രൂപീകൃതമായ നെത്യനാഹു- ബെന്നി ഗാന്റ്സ് സഖ്യ കക്ഷി സര്‍ക്കാരിന്റെ പ്രധാന വ്യവസ്ഥയാണ് വൈസ്റ്റ് ബാങ്ക് കൈവശപ്പെടുത്തല്‍. ഇതിനായുള്ള ചര്‍ച്ചകള്‍ ജുലൈ ഒന്ന് മുതല്‍ ആരംഭിക്കാനിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ ബാധകമായ പ്രദേശത്തെ തങ്ങളുടെ അധീനതയിലാക്കാനുള്ള ശ്രമങ്ങളാണ് ഇസ്രാഈല്‍ നടത്തുന്നതെന്ന് അല്‍- ജസീറ റിപ്പോര്‍ട്ട് ചെയ്തു.