സൗദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി. മദീന (4), മക്ക (3), ജിദ്ദ (2), റിയാദ് (1), ദമ്മാം (1) എന്നിവിടങ്ങളിലാണ് ഇന്ത്യക്കാര്‍ മരിച്ചതെന്നും റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഭക്ഷണവും മരുന്നും ആവശ്യമുളള ഇന്ത്യന്‍ സമൂഹത്തിന് ലഭ്യമാക്കുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഇന്ത്യന്‍ പൗരന്‍മാരുടെ ആരോഗ്യ സുരക്ഷക്കും ക്ഷേമത്തിനും ആവശ്യമായ മുഴുവന്‍ നടപടികളും എംബസി സ്വീകരിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി വോളന്റിയര്‍മാരുമായി ഏപ്രില്‍ 14നും 22നും അംബാസഡര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഓരോ പ്രദേശത്തെയും സാഹചര്യം ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര വിമാന സര്‍വീസ് ഇന്ത്യയില്‍ പുനസ്ഥാപിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല.
ഇന്ത്യന്‍ സമൂഹം സമാധാനത്തോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരണിക്കണം. പരിഭ്രാന്തി സൃഷ്ടിക്കുന്ന കിംവദന്തികള്‍ സാമൂഹിക മാധ്യമങ്ങളില്‍ഒഴിവാക്കണം. സാമുദായിക ദ്രുവീകരണത്തിന് ഇടയാക്കുന്ന വിദ്വേഷം നിറഞ്ഞ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുത്. കൊവിഡിനെ നേരിടുന്നതിന് വംശം, നിറം, ജാതി, മതം, ഭാഷ എന്നീ അതിര്‍ വരുമ്പുകളില്ല. ഐക്യത്തിനും സാഹോദര്യത്തിനും പ്രാധാന്യം നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും എംബസി പത്ര കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Leave a Reply