കുവൈറ്റിലെ കോവിഡ് ഐസൊലേഷന്‍ ക്യാമ്പുകളിലെ സാഹചര്യം വളരെ ദയനീയമാണെന്നും അതിന് അടിയന്തരമായ പരിഹാരം കാണണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് വിദേശകാര്യമന്ത്രിക്കും കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ക്കും കത്തയച്ചു. . ഇവര്‍ക്ക് അയച്ച കത്തില്‍ ക്യാമ്പിലെ അന്തേവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങളിലേക്ക് എം.പി. അവരുടെ ശ്രദ്ധ ക്ഷണിച്ചു. ക്യാമ്പുകളിലെ സാഹചര്യം പരമ ദയനീയമാണ് . അവിടെ വൃത്തിയുടെ പ്രശ്നമുണ്ട്. ക്യാമ്പുകളില്‍ കുടിവെള്ളം പോലും കിട്ടാത്ത പ്രശ്നമുണ്ട് ഭക്ഷണമാകട്ടെ നാമമാത്രമായി എന്തെങ്കിലും കൊടുക്കുകയാണ്. കുറെയെറെ ആളുകള്‍ തിങ്ങി താമസിക്കുന്ന ക്യാമ്പുകളില്‍ ഡോക്ടര്‍മാരുടെയും പാരമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം കാര്യമായി ലഭിക്കുന്നില്ല. ഇങ്ങനെ തുടര്‍ന്നാല്‍ ക്യാമ്പിലെ ആളുകളുടെ കാര്യം മോശമായി തീരുമെന്ന ഭയപ്പാടുണ്ട്. എംബസിയും അധികൃതരും ഇക്കാര്യത്തില്‍ സജീവമായി ഇടപെട്ടിട്ടുണ്ടെങ്കിലും ഫലപ്രാപ്തി ഉണ്ടായിട്ടില്ല. ഈ കാര്യത്തില്‍ അടിയന്തരമായി ശ്രദ്ധിക്കാത്ത പക്ഷം കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലേക്ക് നീങ്ങുമെന്ന് ഭയപ്പെടുന്നതായും എം.പി. കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചു. കുവൈറ്റിലെ കെ.എം.സി.സി. പ്രതിനിധികളുമായും എം.പി ഇക്കാര്യം സംസാരിക്കുകയുണ്ടായി. അവര്‍ ഇക്കാര്യത്തില്‍ സജീവ പരിശ്രമങ്ങള്‍ നടത്തുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ അല്പം ആശ്വാസം ഉണ്ടെന്നും എം.പി. പറഞ്ഞു.