കൊവിഡ് ബാധിച്ച് സൗദിയില്‍ ഏപ്രില്‍ 17 വരെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ നിന്നു ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതിയില്ലെന്നും എംബസി വ്യക്തമാക്കി. ലോക്ക്ഡൗണ്‍ ദീര്ഘിപ്പിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനയാത്ര സുരക്ഷിതമല്ല. ഇന്ത്യക്കാരുടെ താല്പര്യം സംരക്ഷിക്കുന്നതിന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഉടന്‍ തുടരാന്‍ കഴിയില്ല. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇന്ത്യയിലെയും സൗദിയിലെയും അധികാരികളുമായി എംബസി നിരന്തരം ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച അറിയിപ്പുകള് ലഭ്യമാകുന്നതിനനുസരിച്ച് അറിയിക്കുമെന്നും എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കണ്ണൂര്‍ പാനൂര്‍ ഷബ്നാസ് (മദീന), മലപ്പുറം ചെമ്മാട് സഫ്വാന് (റിയാദ്) എന്നിവരാണ് മരിച്ച മലയാളികള്‍. ഏപ്രില്‍ 15, 16 തീയതികളില്‍ ജിദ്ദ, മദീന എന്നിവിടങ്ങളില്‍ മൂന്നു ഇന്ത്യക്കാര്‍ കൂടി മരിച്ചു. സുലൈമാന്‍ സയ്യിദ് ജുനൈദ് (മഹാരാഷ്ട്ര), ബദര്‍ ആലം (ഉത്തര്‍ പ്രദേശ്), അസ്മത്തുല്ല ഖാന് (തെലുങ്കാന) എന്നിവരാണ് മരിച്ചതെന്നും എംബസി അറിയിച്ചു