കൊറോണ വൈറസ് ബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചതായി വുഹാനിലെ പ്രാദേശിക സര്‍ക്കാര്‍ .കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് വുഹാനിലായിരുന്നു. നിലവില്‍ പുറത്തുവിട്ട മരണനിരക്കിന്റെ ഏകദേശം അമ്പത് ശതമാനത്തിലധികം പേര് കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. പഴയ കണക്കില്‍ നിന്നും അധികമായി 1290 പേര് പുതുതായി പുറത്തുവിട്ട കണക്ക് പ്രകാരം മരിച്ചിട്ടുണ്ട്. ഇതോടെ വുഹാനില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3869 ആയി.വുഹാനിലെ കോവിഡ് രോഗികളുടെ എണ്ണം 50333 ആയി ഉയര്‍ന്നു.
വീടുകളില്‍ വെച്ച് മരിച്ച ആളുകളുടെ കൂടി എണ്ണം പരിഗണിച്ചാണ് കണക്കില്‍ ഈ വര്‍ധനവ് ഉണ്ടായത്. ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ വൈകിയതാണ് കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി. ചൈനീസ് സര്‍ക്കാര്‍ കോവിഡ് മൂലമുണ്ടായ മരണങ്ങളുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടുന്നില്ലെന്ന് ആരോപിച്ച് വിവിധ ലോക നേതാക്കള്‍ ഈയിടെ രംഗത്തെത്തിയിരുന്നു. അമേരിക്ക ഉന്നയിച്ച ഇത്തരം ആരോപണങ്ങളെ ബ്രിട്ടന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ പിന്തുണച്ചിരുന്നു. ചില ചോദ്യങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരുമെന്ന് ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി ഡൊമിനിക് റബ്ബ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കണക്ക് തിരുത്തികൊണ്ട് വുഹാന്‍ അധികൃതര്‍ രംഗത്തെത്തിയത്.