പിസ ഡെലിവറി യുവാവിന് കോവിഡ്: ക്വാറന്റൈനില്‍ കഴിയേണ്ടി വന്നത് ഏഴുപതോളം കുടുംബങ്ങള്‍

ഡല്‍ഹിയില്‍ പത്തൊമ്പതുകാരനായ പിസ ഡെലിവറി ജോലിക്കാരന് കോവിഡ് സ്ഥിരീകരിച്ചു. തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലെ പിസ റെസ്‌റ്റോറന്റിലെ ജോലിക്കാരനായ യുവാവിനാണ് കോവിഡ് ബാധിച്ചത്. ഇയാള്‍ ഞായറാഴ്ച്ച വരെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ എഴുപതോളം കുടുംബങ്ങളോട് ക്വാറന്റൈനില്‍ കഴിയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. രാം മനോഹര്‍ ലോഹ്യ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്.

ഇയാള്‍ കഴിഞ്ഞ പതിനഞ്ച് ദിവസമായി പിസ എത്തിച്ചുകൊടുത്ത ഹൗസ് ഖാസ്, മാളവ്യ നഗര്‍, സാവിത്രി നഗര്‍ എന്നിവിടങ്ങളിലെ 72 കുടുംബങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കളക്ടര്‍ ബി.എം മിശ്ര അറിയിച്ചു. ഈ യുവാവിനോട് ബന്ധപ്പെട്ടുവെന്ന് സംശയിക്കപ്പെടുന്ന മറ്റ് ഇരുപത് ജോലിക്കാരോടും ക്വാറന്റൈനില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കിയിട്ടുണ്ട്.

ലോക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനിടെ പിസ ഡെലിവറി യുവാവിന് കോവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട് . റസ്‌റ്റോറന്റുകള്‍ അടച്ചിടാന്‍ കല്‍പ്പിച്ചിരുന്നുവെങ്കിലും ഹോം ഡെലിവറി സംവിധാനം അനുവദിച്ചിരുന്നു.

Leave a Reply