സൗദിയില്‍ 186 ഇന്ത്യക്കാര്‍ക്ക് കോവിഡ്

റിയാദ്: സൗദി അറേബ്യയില്‍ കൊവഡ് ബാധിച്ച് ചികിത്സയിലുളളത് 186 ഇന്ത്യക്കാരാണെന്ന് അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. രണ്ട് ഇന്ത്യക്കാരാണ് മരിച്ചത്. സഫ്‌വാന്‍ ചെമ്മാട്, ഷഫ്‌നാസ് പാലക്കണ്ടിയില്‍ എന്നിവരാണ് മരിച്ചത്. മദീന, റിയാദ് എന്നിവിടങ്ങളില്‍ മരിച്ച ഇരുവരും കേരളത്തില്‍ നിന്നുളളവരാണെന്നും അംബാസഡര്‍ പറഞ്ഞു. സൗദിയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംകമ്യൂണിറ്റി വളന്റിയേഴ്‌സിന്റെ ഓണ്‍ലൈന്‍ മീറ്റിംഗ് കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. രാജ്യത്തെ ലേബര്‍ ക്യാമ്പുകളിലും വന്‍കിട കമ്പനികളിലും എംബസി ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഭക്ഷണം ആവശ്യമുളളവര്‍ക്ക് എത്തിക്കും. ഇതിനായി വിവിധ ഹോട്ടലുകള്‍, ഫുഡ് സപ്‌ളൈ ചെയിന്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി എംബസി ബന്ധപ്പെട്ടുവരുകയാണ്. ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഇതിനായി ചെലവഴിക്കും. കമ്യൂണിറ്റി വളന്റിയേഴ്‌സിന്റെ സഹായത്തോടെ ഭക്ഷണം എത്തിക്കും. ആംബുലന്‍സ് സേവനം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് ഇന്ത്യക്കാരുടെ നിയന്ത്രണത്തിലുളള പോളിക്ലിനികുകളുടെ ആംബുലന്‍സ്, ഹജ്ജ് വേളയില്‍ ഉപയോഗിക്കുന്ന ഹജ് മിഷന്റെ ആംബുലന്‍സ് എന്നിവ പ്രയോജനപ്പെടുത്തുന്നതിന് ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തുന്നുണ്ട്. ക്വാരന്റൈന്‍ ആവശ്യമായി വന്നാല്‍ ഇന്ത്യക്കാരെ താമസിപ്പിക്കുന്നതിന് ഓയോ ഹോട്ടല്‍ ഗ്രൂപ്പ്, വ്യവസായ പ്രമുഖരുടെ സ്ഥാപനങ്ങള്‍, അപാര്‍ട്‌മെന്റ് എന്നിവയുമായി ബന്ധപ്പെടുന്നുണ്ട്. ശനിയാഴ്ച ചേരുന്ന ഇന്ത്യന്‍ സ്‌കൂള്‍ ഹയര്‍ ബോര്‍ഡ് മീറ്റിംഗിന് ശേഷം സ്‌കൂളുകള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കുന്നത് പരിഗണിക്കും.

കര്‍ഫ്യൂ വേളയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി വളന്റിയേഴ്‌സിന് ട്രാവല്‍ പെര്‍മിറ്റ് പാസ് വിതരണം ചെയ്യാന്‍ എംബസിക്കു അനുമതിയില്ലെന്ന് ചോദ്യത്തിന് ഉത്തരമായി അംബാസഡര്‍ പറഞ്ഞു. സൗദി അധികൃതരാണ് പാസ് വിതരണം ചെയ്യേണ്ടതെന്നും അംബാസഡര്‍ വ്യക്തമാക്കി.

ഗള്‍ഫ് മേഖലയിലെ പ്രവാസി സമൂഹം നേരിടുന്ന കൊവിഡ് പ്രതിസന്ധി ഗൗരവമായാണ് ഇന്ത്യാ ഗവണ്‍മെന്റ് പരിഗണിക്കുന്നത്. ജി സി സിയിലെ ഇന്ത്യന്‍ അംബാസഡര്‍മാരും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഓണ്‍ലൈനില്‍ മീറ്റിംഗ് നടത്തിയിരുന്നു. അന്‍പതിലധികം മാധ്യമ പ്രവര്‍ത്തകര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Leave a Reply