ന്യൂഡല്‍ഹി : സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രം സൗജന്യമായി നടത്തിയാല്‍ മതിയെന്ന് സുപ്രിം കോടതി. ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ കോവിഡ് പരിശോധന സ്വകാര്യ ലാബുകളിലും സൗജന്യമായി നടത്തണമെന്ന് സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. സൗജന്യ പരിശോധനക്ക് അര്‍ഹരായവരെ സംബന്ധിച്ചുള്ള കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഒരാഴ്ച്ചക്കകം പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കല്പ്പിച്ചു.
സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന സൗജന്യമാക്കികൊണ്ടുള്ള ഏപ്രില്‍-8 ലെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് വേണ്ടി സോളിസിറ്റര്‍ തുഷാര്‍ മേത്ത സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 107 മില്യണ്‍ ജനങ്ങള്‍ക്ക് സ്വകാര്യ ലാബുകളിലും സൗജന്യ പരിശോധന നല്‍കാമെന്ന് തുഷാര്‍ മേത്ത വാദിച്ചു. വിദഗ്ധരുടെ ഉപദേശം പരിഗണിക്കാതെയാണ് ഏപ്രില്‍ 8 ലെ ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്നും ആയതിനാല്‍ വിധി പുന പരിശോധിക്കണമെന്നും ഐ.സി.എം.ആര് അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്, രവീന്ദ്ര ബട്ട് എന്നിവരാണ് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഹരജി പരിഗണിച്ചത്.