നയതന്ത്ര ഇടപെടൽ അനിവാര്യം: ദുബൈ കെ എം സി സി

യു എ യി യിൽ പ്രത്യേകിച്ച് ദുബായിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ യു എ ഇ ഗവൺമെൻറിന്റെ നേതൃത്വത്തിൽ കെ എം സി സി അടക്കമുള്ള സന്നദ്ധ സംഘടനകളുടെ മികച്ച സഹകരണത്തോടെ നല്ല നിലയിൽ മുന്നോട്ട് നീങ്ങുകയാണ്. ദുബായിലെ വർസാനിൽ നേരത്തെ തയ്യാർ ചെയ്ത 10 ഐസൊലേഷൻ ബിൽഡിംഗുകൾക്ക് പുറമെ പത്തണ്ണം കൂടി തയ്യാർ ചെയ്യുവാൻ ദുബൈ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ഇതിനകം ലഭിച്ചിരിക്കയാണ്. ദുബൈ കെ എം സി സി യുടെ ഇരുന്നൂറിലധികം വളണ്ടിയർമാർ അടക്കം നിരവധിപേരുടെ അശ്രാന്തപരിശ്രമം മൂലം വർസാനിൽ പുതുതായി തയ്യാറാകുന്ന ഐസൊലേഷൻ സെന്റർ നൂറുക്കണക്കിന് കോറോണ പോസിറ്റീവ് ആയവർക്ക് വലിയൊരനുഗ്രഹമായിരിക്കും..

ദുബൈ കെ എം സി സി യുടെ ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനങ്ങൾ നായിഫിന് പുറമെ ബർ ദുബൈ, റാഷിദിയ്യ, ഖിസൈസ്, സോനാപ്പൂർ, അൽ ഖൂസ്, ജബൽ അലി…എന്നിവിടങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകൾക്ക് സാന്ത്വനമേകുന്ന പ്രവൃത്തനങ്ങളാണ് ദുബൈ കെ എം സി സി സംസ്ഥാന കമ്മറ്റി യുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്…
കൊറോണ പോസിറ്റീവ് ആയവരെ വിവിധ ആശുപത്രികളിലും, ഐസൊലേഷൻ വാർഡുകളിലും എത്തിക്കുന്ന പ്രവൃത്തനങ്ങൾ തുടരുകയാണ്. ആരോഗ്യ വകുപ്പിന്റെയും, സ്വകാര്യ ആശുപത്രികളുടെയും സഹായത്തോടെ ആയിരങ്ങൾക്ക് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയും, രണ്ടു നേരം ഭക്ഷണവും, ഭക്ഷണകിറ്റുകൾ വിതരണം ചെയ്തും, ഡോക്ടർ/കൗൺസിലർ സേവനങ്ങൾ നൽകിയും, മരുന്നുകൾ വിതരണം ചെയ്തും ഒട്ടുവളരെ സേവനങ്ങളാണ് കെ എം സി സി ചെയ്തു കൊണ്ടിരിക്കുന്നത്…

ഇതിനിടയിൽ എംബസി/കോൺസുലേറ്റിന്റെ സേവനങ്ങൾ കൂടുതൽ ഫലപ്രദമായ രൂപത്തിൽ ഉപയോഗപ്പെടുത്തുവാനും ഇന്ത്യാ ഗവൺമെൻറിന്റെ ഗൗരവമായ ഇടപെടലുകൾ ഈ കാര്യത്തിൽ ഉണ്ടാവേണ്ടതുണ്ടെന്നും ഇന്ത്യൻ കോൺസൽ ജനറൽ ശ്രീ വിപുലിന് നൽകിയ വിശദമായ നിവേദനത്തിൽ ദുബൈെ കെ എം സി സി ഭാരവാഹികൾ ആവശ്യപ്പെട്ടു.
അനുദിനം കോറോണ കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യാ ഗവൺമെൻറ് അടിയന്തരമായി ഒരു ഉന്നതതല മെഡിക്കൽസംഘത്തെ ദുബായിലേക്ക് അയക്കണമെന്നും, രോഗമില്ലാത്ത ആയിരങ്ങൾക്ക് നാടണയാനുള്ള സൗകര്യം ചെയ്തു തരണമെന്നും യു എ ഇ സിവിൽ ഏവിയേഷൻ ഇന്ത്യയിലേക്ക് യാത്രാനുമതി നിഷേധിക്കാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു…

രണ്ടു മില്യണിലധികം ഇന്ത്യാക്കാരുള്ള യു എ ഇ യിൽ കൊറോണ മൂലം ലോക്ക്ഡ് ഡൗൺ ആയി റൂമിലിരിക്കേണ്ടി വരുന്ന അനേകായിരങ്ങൾ മരുന്നും ഭക്ഷണവും കിട്ടാതെയും റൂം വാടക കൊടുക്കാൻ പ്രയാസപ്പെട്ടും കഴിയുകയാണ്..
പലർക്കും ശമ്പളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല…വിസിറ്റിംഗ് വിസയിൽ വന്ന് കാലാവധി കഴിഞ്ഞ് നിൽക്കുന്നവരുടെ അവസ്ഥയും മറ്റൊന്നല്ല.
ഈ സാഹചര്യത്തിൽ
അവരുടെ ദുരിതമകറ്റാൻ സമഗ്രമായ സാമ്പത്തിക പാക്കേജ് തയ്യാറാക്കി സഹായിക്കാൻ കോൺസിലേറ്റ് മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടു…

മാത്രവുമല്ല ഇന്ത്യൻ സ്ഥാനപതി കാര്യാലയം മുൻകൈ എടുത്ത് ദുബൈ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 20 ഐസൊലേഷൻ/ക്വാറൻടൈൻ കേന്ദ്രങ്ങൾ തുറക്കണമെന്നും
അതുവഴി നിരീക്ഷണത്തിൽ കഴിയുന്നവർക്കും വലിയൊരാശ്വാസമാകുമെന്നും ദുബൈ കെ എം സി സി ആവശ്യപ്പെട്ടു.

ഇത് സംബന്ധമായി വീഡിയോ കോൺഫറൻസ് വഴി നടത്തിയ മീറ്റിംഗിൽ ആക്ടിംഗ് പ്രസിഡന്റ് മുസ്ഥഫ വേങ്ങര അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി മുസ്ഥഫ തിരൂർ സ്വഗതം പറഞ്ഞു. പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, ട്രഷറർ പി കെ ഇസ്മായിൽ, ഭാരവാഹികളായ അഡ്വ. സാജിദ് അബൂബക്കർ, അഡ്വ. ഇബ്രാഹിം ഖലീൽ, പി വി റയീസ്, മുഹമ്മദ് പട്ടാമ്പി, ഒ. മൊയ്തു, അബ്ദുൽ കാദർ അരിപ്പാമ്പ്ര, മജീദ് മടക്കിമല, കെ പി എ സലാം, ഫാറൂഖ് പട്ടിക്കര, ഷുക്കൂർ ഏറണാകുളം, ഹസ്സൻ ചാലിൽ പങ്കെടുത്തു. ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി നന്ദി പറഞ്ഞു.

Leave a Reply