കോവിഡ് പരിശോധന വ്യാപകമായി സംഘടിപ്പിക്കാന്‍ പൂള് ടെസ്റ്റിങ് രീതി നിര്‍ദേശിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. സാമ്പത്തിക ചെലവ് ചുരുങ്ങിയ പരിശോധന രീതിയാണ് പൂള് ടെസ്റ്റിംഗ്. കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തോടടുത്ത ഘട്ടത്തില്‍ പരമാവധി ജനങ്ങളെ കോവിഡ് പരിശോധനക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ദിനം പ്രതി 700 മുതല്‍ 900 പേര്‍ക്ക് വരെയാണ് പുതുതായി കോവിഡ് സ്ഥിരീക്കരിക്കുന്നത്.
അഞ്ച് പേരുടെ സാമ്പിളുകള്‍ ഒന്നിച്ച് പരിശോധിക്കുന്ന രീതിയാണ് പൂള് ടെസ്റ്റിംഗ്. എന്നാല്‍ ഇവരില്‍ ഏതെങ്കിലും ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ എല്ലാവരുടെയും സ്രവം വീണ്ടും വിത്യസ്ത്യമായി പരിശോധന വിധേയമാക്കും. ഒരു പൂളിലെ ഫലങ്ങളെല്ലാം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നതിലൂടെ ചെലവ് ചുരുക്കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അധികൃതര്‍ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞ പ്രദേശങ്ങളില്‍ മാത്രമെ പൂള് ടെസ്റ്റിംഗ് രീതി ഉപയോഗിക്കാവൂ എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. അഞ്ച് ശതമാനത്തിലേറെ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിള്‍ പരിശോധനകള്‍ പൂള് ടെസ്റ്റിംഗ് മുഖേന നടത്താനാവില്ലെന്നും വിദഗ്ധ പരിശോധനകള്‍ക്കായി ലാബിലേക്ക് അയക്കണമെന്നും ഐ.സി.എം.ആര് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ലക്നൗവിലെ കിംങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയാണ് പൂള് ടെസ്റ്റിംഗ് പരിശോധന രീതിയെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കോവിഡ് പരിശോധനക്കായി പൂള് ടെസ്റ്റിംഗ് രീതി ഉപയോഗിക്കണോ എന്ന് അന്തിമ തിരുമാനം എടുക്കേണ്ടത് ആരോഗ്യ മന്ത്രാലയമാണ്.