പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധനം ചെയ്യും. ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെ തുടര്‍ നടപടികള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ഏപ്രില്‍ മുപ്പത് വരെ ലോക്ഡൗണ്‍ പരിധി നീട്ടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ലോക്ഡൗണ്‍ കലാവധി നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

സാമ്പത്തിക മേഖലയെ ലോക്ഡൗണ്‍ സാരമായി ബാധിച്ചതിനാല്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. കോവിഡ് ബാധിതരുടെ എണ്ണം അനുസരിച്ച് മൂന്ന് മേഖലകളായി തിരിച്ച് കൊണ്ടുള്ള ലോക്ഡൗണ്‍ പ്രഖ്യാപനത്തിനും സാധ്യതയുണ്ട്. ഇതുവരെ കോവിഡ് പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ജില്ലകളാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുക. ഇത്തരത്തില്‍ നാനൂറ് ജില്ലകളാണുള്ളത്. പതിനഞ്ചില്‍ താഴെ മാത്രം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളാണ് ഓറഞ്ച് സോണില്‍ ഉണ്ടാവുക.ചെറിയ രീതിയിലുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ അനുമതി ലഭിക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഇളവുണ്ടാകും. പതിനഞ്ചില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചുവപ്പ് സോണില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ഒരു തരത്തിലുള്ള ഇളവുകളും ഉണ്ടാവില്ല.

ഇതിനകം തന്നെ നിരവധി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ കലാവധി നീട്ടിക്കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ കലാവധി നീട്ടാനുള്ള തിരുമാനം ഏതെങ്കിലും ഒരു സംസ്ഥാനം മാത്രം തിരുമാനിച്ചാല്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ പറഞ്ഞിരുന്നു.

Leave a Reply