കോവിഡ്: 19- പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി പ്രധാനമന്ത്രിക്ക് കത്തയക്കൽ തുടങ്ങി.


മലപ്പുറം: കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടു മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം മണ്ഡലം ,പഞ്ചായത്ത്, ശാഖാ കമ്മിറ്റികൾ ഇന്ത്യൻ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്ക് ഇ-മെയിൽ വഴി കത്തുകളയച്ച് തുടങ്ങി. ഇന്നും നാളെയുമായി മുഴുവൻ മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ, വാർഡ് ,ശാഖാ കമ്മറ്റികളും കത്തുകൾ മെയ്ൽ ചെയ്യും.
കോവിസ് – 19 ൻ്റെ രോഗലക്ഷണങ്ങൾ കണ്ടവരെ മുഴുവൻ എത്രയും പെട്ടെന്ന് അവരുടെ താമസസ്ഥലത്തു നിന്ന് ആശുപത്രിയിലേക്കോ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറ്റുന്നതിന് എംബസികൾക്ക് ആവശ്യമായ അടിയന്തിര നിർദ്ദേശം നൽകുക, രോഗലക്ഷണങ്ങൾ ഇല്ലാത്ത, നാട്ടിലേക്ക് തിരിച്ചുവരാൻ താല്പര്യമുള്ളവരെ തിരിച്ചുകൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കുക, വിദേശരാജ്യങ്ങളിൽ ലോക്ക് ഡൗൺ കാരണം ഭക്ഷണം ഇല്ലാതെ റൂമുകളിൽ കഴിഞ്ഞു കൂടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തുകൾ മെയിൽ ചെയ്യുന്നത് –
ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രധാനമന്ത്രിക്കുള്ള കത്ത് മെയിൽ ചെയ്തു കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു – ദളിത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടരി എ.പി.ഉണ്ണികൃഷ്ണൻ, മുസ്ലിം ലീഗ് ജില്ലാ സിക്രട്ടരി ഉമ്മർ അറക്കൽ എന്നിവർ സംബന്ധിച്ചു.
ഗൾഫ് രാജ്യങ്ങളിൽ ഒരു മുറിയിൽ പത്തു പതിനഞ്ചു പേർ ഒരുമിച്ച് താമസിക്കുന്നത് മൂലം കോവിഡ് സമൂഹ വ്യാപന സാധ്യത വളരെ കൂടുതലാണെന്ന് കത്തിൽ തങ്ങൾ സൂചിപ്പിച്ചു – അതുകൊണ്ട് വളരെ അടിയന്തരമായി സമൂഹ വ്യാപനം തടയാനുള്ള നടപടികൾ എടുക്കാൻ എംബസികൾക്ക് നിർദേശം നൽകണമെന്ന് തങ്ങൾ കത്തിലൂടെ ആവശ്യപ്പെട്ടു – റൂമുകളിൽ താമസിക്കുന്ന സാധാരണക്കാർ, അവർ തൊഴിൽ എടുക്കുന്ന സ്ഥാപനങ്ങൾ അടച്ചതിനാൽ പട്ടിണിയിലാണെന്നും ഭക്ഷണം തേടി പുറത്തിറങ്ങിയാൽ പതിനായിരം റിയാൽ പിഴ ചുമത്തുകയും ഇക്കാമ കണ്ടുകെട്ടുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ എംബസി അധികൃതർ നേരിട്ട് ഇടപെട്ടു ഈ സാഹചര്യത്തിന് പരിഹാരം കാണാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും തങ്ങൾ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. സ്വദേശത്തേക്ക് തിരിച്ചു വരാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന എല്ലാവരെയും തിരിച്ചു കൊണ്ടുവരുന്നതിന് ആവശ്യമായ വിമാന യാത്രാ സൗകര്യം അടിയന്തിരമായി ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട് – ഇപ്രകാരം തിരിച്ചു വരുന്നവരെ നിശ്ചിത ദിവസം നിരീക്ഷണത്തിൽ നിബന്ധനകളോടെ താമസിപ്പിക്കുന്നതിന് മുസ്ലിം ലീഗും പോഷക സംഘടനകളും മറ്റു വിവിധ മത- സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെയും നിയന്ത്രണത്തിലുള്ള മുഴുവൻ സ്ഥാപനങ്ങളും വിട്ടുകൊടുക്കാൻ സന്നദ്ധമാണെന്നും ഇതിനകം തന്നെ നിരവധി സ്ഥാപനങ്ങൾ ഇതിനായി ഗവ: ലേക്ക് വിട്ടു കൊടുത്തിട്ടുണ്ട് എന്നും തങ്ങൾ കത്തിലൂടെ പ്രധാനമന്ത്രിയെ അറിയിച്ചു –

Leave a Reply