മൃതദേഹം ദഹിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമാവുന്നു

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കല്‍ നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ ശ്രീലങ്കയില്‍ പ്രതിഷേധം ശക്തമാവുന്നു. മത നിയമങ്ങള്‍ക്ക് എതിരാണ് ശവം ദഹിപ്പിക്കില്ലന്ന് ഇസ്‌ലാം മത വിശ്വാസികള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച ഏഴ് പേരുടെയും മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തിരുന്നത് .ഇതില്‍ മൂന്ന് പേര്‍ ഇസ്‌ലാം മത വിശ്വാസികളായിരുന്നു. മതാചാരങ്ങള്‍ പാലിക്കാതെയുള്ള സര്‍ക്കാര്‍ നടപടിയെ പ്രധാന പാര്‍ട്ടിയായ യു.എസ്.സി.ഐ.ആര്‍.എഫ് അപലപിച്ചു. വിവിധ മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി പവിത്ര വനിയാരാച്ചി പറഞ്ഞു. ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ വിവിധ മത വിഭാഗങ്ങളെ ഒത്തൊരുമയോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ രൂപംനല്‍കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ വിഭാഗം ഡയറക്ടര്‍ ബിരാജ് പട്‌നായിക് മുന്നറിയിപ്പ് നല്കിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാതെയും സംസ്‌കരിക്കാമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ നിലപാട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശ്രീലങ്കയില്‍ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. 200 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply