സയ്യിദ് സാദിഖലി തങ്ങളുടെ നിര്‍ദേശത്തിന് പിന്തുണയുമായി മുസ്‌ലിം യൂത്ത്‌ലീഗ്

  • ഭാഷാസമര സ്മാരകം ഐസൊലേഷന്‍ സെന്ററിനായി വിട്ടുനല്‍കി

മലപ്പുറം: ചരിത്ര സ്മരണയായി തലയുയര്‍ത്തിനില്‍ക്കുന്ന മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ആസ്ഥാന മന്ദിരം ഭാഷസമര സ്മാരകം മറ്റൊരു ചരിത്രദൗത്യത്തിന് കൂടി തയാറെടുക്കുകയാണ്. ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിയെ തുരത്താനുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന് തങ്ങളുടെ ഓഫീസ് സമുച്ചയം വിട്ടുനല്‍കി മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശത്തിന് പിന്തുണയര്‍പ്പിച്ചാണ് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ഓഫീസ് മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ് കൈമാറിയത്. ഓഫീസ് വിട്ടുനല്‍കിക്കൊണ്ടുള്ള സമ്മത പത്രം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ക്ക് കൈമാറി. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് പങ്കെടുത്തു.
മലപ്പുറം കോട്ടക്കുന്നിലുള്ള നാല് നില കെട്ടിട സമുച്ചയമാണ് മുസ്‌ലിം യൂത്ത്‌ലീഗ് വിട്ടു നല്‍കുന്നത്. കോണ്‍ഫറന്‍സ് ഹാള്‍, മിനി ഓഡിറ്റോറിയം, റീഡിങ് റൂം, 5000 പുസ്തകങ്ങളുള്ള ലൈബ്രറി, പ്രാര്‍ത്ഥനാ മുറി തുടങ്ങിയ സൗകര്യങ്ങള്‍ ഈ സമുച്ചയത്തിലുണ്ട്. ആവശ്യം വരുന്ന മുറക്ക് വരും ദിവസങ്ങളില്‍ മുസ്‌ലിം യൂത്ത്‌ലീഗിന്റെ മറ്റു സ്ഥാപനങ്ങളും വിട്ടുനല്‍കും.
ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതോടെ തിരിച്ചെത്തുന്ന പ്രവാസികളെയും ഇതര സംസ്ഥാനത്തുനിന്നും മറ്റു ജില്ലകളില്‍ നിന്നെത്തുന്നവരെയും ഐസൊലേഷനില്‍ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കുന്നതിന് മുസ്‌ലിംലീഗിന്റെ സ്ഥാപനങ്ങള്‍ വിട്ടുനല്‍കണമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ തീരുമാനത്തിന് പിന്തുണയായാണ് ആദ്യപടിയായി ജില്ലാ അസ്ഥാനം തന്നെ വിട്ടുനല്‍കാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറയും ജനറല്‍ സെക്രട്ടറി കെ.ടി അഷ്‌റഫും പറഞ്ഞു. ജില്ലാ ട്രഷറര്‍ വി.ടി സുബൈര്‍ തങ്ങള്‍, മുസ്‌ലിംലീഗ് നഗരസഭാ പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ ഹാരിസ് ആമിയന്‍ തുടങ്ങിയവരും സന്നിഹിതരമായി.

മുസ്‌ലിംലീഗ് സ്ഥാപനങ്ങള്‍ വിട്ടുനല്‍കും: സാദിഖലി തങ്ങള്‍

മലപ്പുറം: കോവിഡ് മഹാമാരിയെ തുരത്താന്‍ പ്രതിരോധക്കോട്ടയുടെ കണ്ണികളാവന്‍ ഓരോ മുസ്‌ലിംലീഗ് പ്രവര്‍ത്തകനും സദാജാഗരൂകരാകണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതോടൊപ്പം തന്നെ അവര്‍ക്ക് കരുത്തായി സേവനസന്നദ്ധരാവണമെന്നും പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പറഞ്ഞു. മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ആസ്ഥാനം ഐസൊലേഷന്‍ കേന്ദ്രത്തിനായി വിട്ട് നല്‍കിക്കൊണ്ടുള്ള സമ്മതപത്രം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക് ഡൗണിന് ശേഷം തിരിച്ചെത്തുന്ന പ്രവാസികളടക്കമുള്ളവര്‍ക്ക് ഐസൊലേഷന്‍ സംവിധാനമൊരുക്കുന്നതിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും മുസ്‌ലിംലീഗ് സ്ഥാപനങ്ങള്‍ വിട്ടുനല്‍കുന്നതിനും മുസ്‌ലിംലീഗ് ഒരുക്കമാണെന്നും തങ്ങള്‍ പറഞ്ഞു.

Leave a Reply