കെറോണയെ നേരിടാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ വിവിധയിടങ്ങളെ കൊറോണ ബാധിതരുടെ അടിസ്ഥാനത്തില്‍ മൂന്നായി വിഭജിക്കാനൊരുങ്ങി കേന്ദ്രം. മുഖ്യമന്ത്രിമാരുമായി ഇന്നലെ നടത്തിയ ചര്‍ച്ചക്ക് ശേഷം ലോക്ഡൗണ്‍ കലാവധി നീട്ടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലിത് സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ചില ഇളവുകള്‍ നല്കാനാണ് കോവിഡ് ബാധിത പ്രദേശങ്ങളെ മൂന്നായി തിരിച്ചുകൊണ്ടുള്ള നടപടികളിലേക്ക് കേന്ദ്രം പ്രവേശിക്കുന്നത്്. ഇതുവരെ കോവിഡ് പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ജില്ലകളാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുക. ഇത്തരത്തില്‍ നാനൂറ് ജില്ലകളാണുള്ളത്. പതിനഞ്ചില്‍ താഴെ മാത്രം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളാണ് ഓറഞ്ച് സോണില്‍ ഉണ്ടാവുക.ചെറിയ രീതിയിലുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ അനുമതി ലഭിക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഇളവുണ്ടാകും. പതിനഞ്ചില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചുവപ്പ് സോണില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ഒരു തരത്തിലുള്ള ഇളവുകളും ഉണ്ടാവില്ല. ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ഡൗണ്‍ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുമെന്ന കണക്കുക്കൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍. 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 2.8 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്കിയിരുന്നു. അഞ്ച് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്.

Leave a Reply