കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്നുള്ള പരിശോധനകള്‍ വസതിയില്‍ വെച്ച് നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ പ്രധാനമന്ത്രി പദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹത്തിന് വേഗത്തില്‍ മടങ്ങാന്‍ സാധിക്കില്ലെന്ന് വക്താവ് അറിയിച്ചു. മികച്ച പരിചരണം നല്കിയ ആശുപത്രി അധികൃതര്‍ക്ക് നന്ദി അറിയിക്കുന്നതായും വക്താവ് പറഞ്ഞു.
കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് അമ്പത്തിയഞ്ചുകാരനായ ബോറിസ് ജോണ്‍സനെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗ ലക്ഷണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ഏപ്രില്‍ ആറ് മുതല്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍, ബ്രിട്ടണില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനേന വര്‍ധിക്കുകയാണ്.